
ബന്ധു നിയമന വിവാദത്തിൽ വെട്ടിലായി മന്ത്രി കെ.ടി ജലീൽ. വിവാദത്തിൽ തന്‍റെ ഭാഗം വിശദീകരിക്കാൻ രണ്ടു വട്ടം വാർത്താ സമ്മേളനം വിളിച്ചു ചേർത്തിട്ടും വ്യക്തമായ മറുപടി നൽകാൻ കഴിയാതെ തീർത്തും പ്രതിരോധത്തിലാണ് കെ.ടി ജലീൽ.
ന്യൂനപക്ഷ ധനകാര്യ കോർപറേഷൻ തലപ്പത്ത് അടുത്ത ബന്ധുവായ അദീബിനെ മാനദണ്ഡങ്ങൾ ലംഘിച്ച് മന്ത്രി കെ.ടി ജലീൽ നിയമമിച്ചതാണ് പിണറായി സർക്കാരിന്‍റെ സ്വജനപക്ഷപാതത്തിന്‍റെ എറ്റവും ഒടുവിലത്തെ നടപടി. ഗുരതരമായ ഈ ആരോപണത്തിൽ തൃപ്തികരമായ മറുപടി നൽകാൻ മന്ത്രിക്ക് ഇതു വരെ കഴിഞ്ഞിട്ടില്ല. സ്വകാര്യ ബാങ്കായ സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്നും സർക്കാർ സ്ഥാപനത്തിലേക്ക് എങ്ങനെ ഡെപ്യൂട്ടേഷൻ ലഭിച്ചു എന്ന ചോദ്യത്തിനും മന്ത്രിക്ക് ഉത്തരമില്ല. ഇക്കാര്യത്തിൽ യുത്ത് ലീഗ് ഉന്നയിച്ച ചോദ്യങ്ങൾക്കും മന്ത്രിക്ക് മറുപടി ഇല്ല.
സർക്കാരിന് ആരേയും നിയമിക്കാൻ അധികാരം ഉണ്ടെന്നും ഇതിനെ ആരും ചോദ്യം ചെയ്യേണ്ടെന്നുമുള്ള ധാർഷ്ട്യ നിലപാടാണ് മന്ത്രി സ്വീകരിച്ചത്. ബന്ധു നിയമനത്തെ മന്ത്രി ശരിവെച്ചതോടെ ഇക്കാര്യത്തിൽ നടന്ന സ്വജനപക്ഷപാതം കുടുതൽ വ്യക്തമായി.
തലസ്ഥാനത്തെ സി-ആപ്റ്റിലെ (C-APT) ഉന്നത നിയമനവും ഇപ്പോൾ വിവാദമാവുകയാണ്. ജലീലിന്‍റെ കീഴിലുള്ള ഉന്നത വിദ്യാഭാസ വകുപ്പിന്‍റെ നിയന്ത്രണത്തിലാണ് സി-ആപ്റ്റ്. ഈ നിയമനം ലഭിച്ചതും ജലീലിന്‍റെ ബന്ധുവിനാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി തിരുവനന്തപുരം ജില്ലയിലെ സി.പി.എം നേതാവ് പാർട്ടി നേതൃത്വത്തിന് പരാതി നൽകിയിട്ടുണ്ട്. ജലീലിനെ പിന്തുണച്ച് സി.പി.എം നേതൃത്വം ഇതുവരെ രംഗത്ത് എത്തിയിട്ടില്ല.
ബന്ധുനിയമന വിവാദത്തിൽ മന്ത്രി സ്ഥാനം നഷ്ട്ടപെടുകയും വീണ്ടും മന്ത്രി സ്ഥാനം ലഭിച്ച ഇ.പി ജയരാജൻ മാത്രമാണ് ജലീലിനെ പരസ്യമായി പിന്തുണച്ചത്. അദീപിന്‍റെ നിയമന ഉത്തരവിൽ ഒപ്പ് വെച്ചിരിക്കുന്നത് മുഖ്യമന്ത്രിയാണ്. ഇതാണ് സർക്കാരിനെ കുരുക്കിലാക്കുന്നത്. ബന്ധുനിയമന വിവാദത്തിൽ ഇ.പി ജയരാജൻ മന്ത്രി സ്ഥാനം രാജിവെച്ച സാഹചര്യത്തിൽ അതേ സമീപനം ജലീലിനും ബാധകമാണോ എന്ന ചോദ്യത്തിന് മുഖ്യമന്ത്രിയും സി.പി.എമ്മും മറുപടി പറയേണ്ടി വരും.