ബി ടെക് പരീക്ഷയിൽ തോറ്റ വിദ്യാർത്ഥിയെ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീൽ ഇടപെട്ട് ജയിപ്പിച്ചതായി ആരോപണം. കേരള ടെക്നോളജിക്കൽ സർവകലാശാല നടത്തിയ ആറാം സെമസ്റ്റർ പരീക്ഷയിൽ തോറ്റ വിദ്യാർത്ഥിക്കായാണ് മന്ത്രിയുടെ ഇടപെടൽ. മന്ത്രി മുൻകൈയെടുത്ത് നടത്തിയ ഫയൽ അദാലത്തിലാണ് ജയിപ്പിക്കാൻ നടപടി എടുത്തത്. കൊല്ലം ജില്ലയിലെ സി.പി.എം അനുഭാവ കുടുംബത്തിൽ നിന്നുള്ള വിദ്യാർത്ഥിയെയാണ് കെ.ടി ജലീൽ ഇടപെട്ട് ജയിപ്പിച്ചത്.
കൊല്ലം ടി.കെ.എം എന്‍ജിനീയറിംഗ് കോളേജിലെ എസ് ശ്രീഹരി എന്ന വിദ്യാർത്ഥിയെ ആണ് മന്ത്രി വഴിവിട്ട് വിജയിപ്പിച്ചത്. ശ്രീഹരിക്ക് ആറാം സെമസ്റ്ററിലെ ഡൈനാമിക്സ് പേപ്പറിന് 29 മാർക്കാണ് ലഭിച്ചത്. ജയിക്കാന്‍ വേണ്ടത് 45 മാർക്കാണ്. ശ്രീഹരി സമര്‍ത്ഥനാണെന്നും ഉത്തരക്കടലാസ് മൂല്യനിർണയത്തിലെ പിഴവുകൊണ്ടാണ് തോറ്റതെന്നും അതുകൊണ്ട് ഒരിക്കല്‍ക്കൂടി പുനഃപരിശോധിക്കണമെന്ന് കാണിച്ച് ഇപ്പോഴത്തെ യൂണിവേഴ്സിറ്റി പ്രോ വൈസ്ചാന്‍സലര്‍ കൂടിയായ കോളേജ് പ്രിന്‍സിപ്പല്‍ സർവകലാശാലയ്ക്ക് കത്തെഴുതുകയായിരുന്നു. എന്നാല്‍ പുനഃപരിശോധന വീണ്ടും നടത്താന്‍ സർവകലാശാലാ ചട്ടം അനുശാസിക്കുന്നില്ലെന്ന് കാണിച്ച് വൈസ് ചാന്‍സിലര്‍ അപേക്ഷ നിരസിച്ചു. തുടർന്നായിരുന്നു മന്ത്രിയുടെ ഇടപെടല്‍. മന്ത്രിയുടെ നിര്‍ദേശാനുസരണം സർവകലാശാല സംഘടിപ്പിച്ച ഫയല്‍ അദാലത്തില്‍ കാലവിളംബമുള്ള ഫയല്‍ തീര്‍പ്പാക്കുന്ന കൂട്ടത്തില്‍ തോറ്റ വിദ്യാർത്ഥിയുടെ അപേക്ഷ കൂടി പരിഗണിച്ചു.
മന്ത്രിയുടെ നിർദേശാനുസരണം ഉത്തരക്കടലാസ് കണ്ട അധ്യാപകരടങ്ങുന്ന ഒരു കമ്മിറ്റിയെ മൂല്യനിർണയം നടത്താന്‍ ചുമതലപ്പെടുത്തി. മൂല്യനിർണയത്തിനോ പുനർമൂല്യനിർണയത്തിനോ കമ്മിറ്റിയെ നിയോഗിക്കാന്‍ ചട്ടമില്ല. കമ്മിറ്റി മൂല്യനിർണയം നടത്തി തോറ്റ വിദ്യാർത്ഥിയുടെ മാര്‍ക്ക് 48 ആയി വർധിപ്പിച്ചു. ഈ മാർക്ക് അംഗീകരിച്ച് തോറ്റ വിദ്യാർത്ഥി ബി ടെക് പരീക്ഷയില്‍ വിജയിച്ചതായി വൈസ് ചാന്‍സിലര്‍ പ്രത്യേക ഉത്തരവും പുറപ്പെടുവിച്ചു. ഇതോടെ പുനർമൂല്യനിർണയത്തില്‍ തോറ്റ വിദ്യാർത്ഥികള്‍ വീണ്ടും പുനർനിർണയം നടത്തണമെന്ന അപേക്ഷകളുമായി രംഗത്തുവന്നിരിക്കുകയാണ്. കൂടാതെ മന്ത്രി കെ.ടി ജലീല്‍ ഇക്കാര്യത്തില്‍ അധികാര ദുർവിനിയോഗം നടത്തി എന്ന ആരോപണവുമുയരുന്നുണ്ട്. മന്ത്രിയെ കൂടാതെ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിമാരും സർവകലാശാല സംഘടിപ്പിച്ച അദാലത്തില്‍ പങ്കെടുത്തതും മിനിട്ട്സില്‍ ഒപ്പുവെച്ചതും ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടുന്നു.
തോറ്റ വിദ്യാർത്ഥിയെ മന്ത്രി ഇടപെട്ട് ചട്ടവിരുദ്ധമായി ജയിപ്പിക്കാൻ കൈക്കൊണ്ട തീരുമാനം അടിയന്തരമായി റദ്ദാക്കണമെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റി വ്യക്തമാക്കി. മന്ത്രിയുടെ ചട്ടവിരുദ്ധ നടപടികളെക്കുറിച്ച് ചാൻസലറായ ഗവർണർ അന്വേഷണം നടത്തണമെന്നും മന്ത്രിയുടെ അധ്യക്ഷതയിൽ നടത്തിയ നിയമവിരുദ്ധമായ അദാലത്ത് തീരുമാനങ്ങൾ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ഗവർണർക്ക് കത്ത് നൽകിയതായി കമ്മിറ്റി കൺവീനർ എം ഷാജിർ ഖാൻ പറഞ്ഞു.
തോറ്റ വിദ്യാർത്ഥിയെ വീണ്ടും പുനർമൂല്യനിർണയം നടത്തി ജയിപ്പിക്കാനുള്ള തീരുമാനം അധികാര ദുർവിനിയോഗമാണ്. ഉത്തരക്കടലാസ് വീണ്ടും മൂല്യനിര്‍ണയം നടത്താന്‍ ഒരു കമ്മിറ്റിയെ നിയോഗിക്കുക വഴി അതിന്റെ രഹസ്യസ്വഭാവവും നഷ്ടപ്പെട്ടു. ഈ കീഴ്വഴക്കം മറ്റ് സർവകലാശാലകളിലും ആവർത്തിക്കപ്പെട്ടാല്‍ പരീക്ഷാനടത്തിപ്പും ഫലപ്രഖ്യാപനവും അട്ടിമറിക്കപ്പെടും.