മന്ത്രി മൊയ്തീന്‍റെ വോട്ടിന് കളക്ടറുടെ ‘ക്ലീന്‍ചിറ്റ്’ ; പ്രിസൈഡിംഗ് ഓഫീസറുടെ വാച്ചിൽ ഏഴ് മണിയെന്ന് വാദം ; വോട്ട് റദ്ദാക്കണമെന്ന് കോണ്‍ഗ്രസ്

 

തൃശൂർ : മന്ത്രി എ.സി മൊയ്തീൻ പോളിങ് സമയത്തിന് മുൻപ് വോട്ട് ചെയ്തെന്ന  ആരോപണത്തിൽ ജില്ലാ കളക്ടർ തെരഞ്ഞെടുപ്പ് കമീഷന് റിപ്പോർട്ട് നൽകി. മന്ത്രി 6.55 ന് വോട്ട് ചെയ്തെന്നാണ് വിവാദം. എന്നാൽ പിഴവ് സംഭവിച്ചിട്ടില്ലെന്ന് ജില്ലാ കളക്ടർ നൽകിയ റിപ്പോർട്ടിൽ പറയുന്നു. പ്രിസൈഡിംഗ് ഓഫീസറുടെ വാച്ചിൽ ഏഴ് മണി ആയപ്പോഴാണ് വോട്ടിംഗ് തുടങ്ങിയത്. ചട്ടവിരുദ്ധമായി ഒന്നും സംഭവിച്ചിട്ടില്ലെന്നും ജില്ലാ കളക്ടർ റിപ്പോർട്ടിൽ വ്യക്തമാക്കി. റിപ്പോർട്ട് തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് നൽകി.

തൃശ്ശൂരിലെ തെക്കുംകര പനങ്ങാട്ടുകരയിലെ പോളിങ് ബൂത്തിലാണ് മന്ത്രി എ.സി. മൊയ്തീൻ വോട്ട് രേഖപ്പെടുത്തിയത്. പിന്നാലെ എ.സി. മൊയ്തീൻ ചട്ടവിരുദ്ധമായി വോട്ട് ചെയ്തുവെന്ന ആരോപണവുമായി അനിൽ അക്കര എം.എൽ.എയും ടി. എന്‍ പ്രതാപന്‍ എം.പിയും രംഗത്തെത്തിയിരുന്നു. കോൺഗ്രസ് ബൂത്ത് ഏജന്റ് പ്രിസൈഡിങ് ഓഫീസർക്ക് പരാതി നൽകുകയും ചെയ്തു.

അതേസമയം മന്ത്രിയുടെ വോട്ട് റദ്ദാക്കണമെന്നും വീണ്ടും വോട്ട് ചെയ്യിപ്പിക്കണമെന്നും ടി.എന്‍ പ്രതാപന്‍ എം.പി ആവശ്യപ്പെട്ടു. കളക്ടർ എല്‍ഡിഎഫ് കണ്‍വീനറെപ്പോലെ പെരുമാറുകയാണ്. കളക്ടറെ മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

 

 

Comments (0)
Add Comment