റായ്പൂര്‍: ചത്തീസ്ഗഡില്‍ പടുകൂറ്റന്‍ കര്‍ഷക റാലിയെ അഭിസംബോധന ചെയ്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. സംസ്ഥാനത്ത് ഭൂപേഷ് ഭാഗലിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലേറിയിട്ട് ആദ്യമായി ചത്തീസ്ഗഡ് സന്ദര്‍ശനത്തിനെത്തിയ രാഹുല്‍ഗാന്ധി ചരിത്രനീക്കങ്ങള്‍ക്കാണ് തുടക്കം കുറിച്ചത്.
2019ല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരികയാണെങ്കില്‍ ദരിദ്രര്‍ക്ക് മിനിമം വേതനം ഉറപ്പാക്കുമെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു. ഇത് ചരിത്രപരമായ തീരുമാനമാണ്. ലോകത്ത് ഒരു രാജ്യവും ഇക്കാര്യം നടപ്പാക്കിയിട്ടില്ല. എന്നാല്‍ കോണ്‍ഗ്രസ് അധികാരത്തിലേറുകയാണെങ്കില്‍ ജനങ്ങള്‍ക്കുവേണ്ടതൊക്കെയും നടപ്പിലാക്കും. പട്ടിണിയും ദാരിദ്ര്യവും തുടച്ചുനീക്കാന്‍ ഈ നീക്കം സഹായകരമാകും. പദ്ധതി തൊഴിലുറപ്പ് മാതൃകയില്‍ നടപ്പിലാക്കും.
രാജ്യത്തെ പൗരന്മാര്ക്ക് 100 ദിവസം തൊഴില്‍ കഴിഞ്ഞ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഉറപ്പാക്കിയിരുന്നു.വിവരവകാശ നിയമം കൊണ്ടുവന്നു.
കര്‍ഷകരുടെ ഭൂമിക്ക് സംരക്ഷണം നല്കുന്ന നിലപാടുകളായിരുന്നു യു.പി.എ സര്‍ക്കാരിന്റെത്. കര്‍ഷകരില്‍ നിന്ന് ഭൂമിയെറ്റെടുത്ത വ്യവസായികള്‍ പത്തുവര്‍ഷത്തിനകം വ്യവസായം ആരംഭിച്ചില്ലെങ്കില്‍ ഭൂമി തിരികെ കര്‍ഷകര്‍ക്ക് തന്നെ നല്കാന് നടപടികള്‍ സ്വീകരിച്ചിരുന്നു. റ്റാറ്റയുടെ ഭൂമി ഇതുപോലെ കര്‍ഷകരിലേക്ക് തന്നെ തിരികെയെത്തിച്ചത് കോണ്‍ഗ്രസായിരുന്നു. എന്നാല്‍ മോദി സര്‍ക്കാര്‍ അതിലൊക്കെയും വെള്ളംചേര്‍ത്തു.
ചത്തീസ്ഗഡില്‍ കഴിഞ്ഞ ബി.ജെ.പി സര്‍ക്കാരിന് 15 വര്‍ഷം ചെയ്യാന്‍ സാധിക്കാത്തത് കോണ്‍ഗ്രസ് സര്‍ക്കാരിന് 24 മണിക്കൂരില്‍ നടപ്പാക്കി. ലക്ഷക്കണക്കിന് യുവാക്കള്‍ക്ക് തൊഴില്‍ ലഭിക്കേണ്ടിയിരുന്ന റഫേല്‍ ഇടപാട് മോദി തന്റെ വ്യവസായിയായ സുഹൃത്തിനുവേണ്ടി മാത്രമാക്കി നടപ്പാക്കി – രാഹുല്‍ഗാന്ധി പറഞ്ഞു. കര്‍ഷകരുടെ കടംഎഴുതി തള്ളാന്‍ പണമില്ലെന്നാണ് ബി.ജെ.പി പറയുന്നത്. എന്നാല്‍ കര്‍ഷകരുടെ ലോണ്‍ എഴുതി തള്ളാന്‍ പണമില്ലാത്ത കേന്ദ്രസര്‍ക്കാര്‍ 15 വ്യവസായികള്‍കളുടെ കോടിക്കണക്കിന് രൂപയുടെ കടങ്ങള്‍ എഴുതിത്തള്ളി.