മാര്‍ക്ക്ദാനം : മന്ത്രിയുടെ മുഖം രക്ഷിക്കാന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കൂട്ട നടപടിയുമായി എം.ജി. സര്‍വ്വകലാശാല

Jaihind News Bureau
Saturday, December 28, 2019

മാര്‍ക്ക്ദാനം വിവാദത്തില്‍ മന്ത്രിയുടെ മുഖം രക്ഷിക്കാന്‍ എം.ജി. സര്‍വ്വകലാശാല ഉദ്യോഗസ്ഥര്‍ക്കെതിരെ കൂട്ട നടപടിക്കൊരുങ്ങുന്നു. മാര്‍ക്ക്ദാനം നേടിയ വിദ്യാര്‍‍ത്ഥികളുടെ എണ്ണത്തില്‍ പിശക് പറ്റിയെന്ന് സമ്മതിച്ച സര്‍വകലാശാല ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്കൊരുങ്ങുകയാണ്. രണ്ട് സെക്ഷൻ ഓഫീസര്‍മാര്‍ക്ക് സസ്പെൻഷനും ജോയിന്‍റ് രജിസ്ട്രാർ അടക്കം മൂന്ന് പേര്‍ക്ക് സ്ഥലം മാറ്റവും നല്‍കിയിട്ടുണ്ട്. 116 പേര്‍ക്കേ പ്രത്യേക മോഡറേഷൻ ലഭിച്ചിട്ടുള്ളൂവെന്നാണ് സര്‍വകലാശാലയുടെ പുതിയ വിശദീകരണം. നേരത്തെ 118 പേരെന്നായിരുന്നു സര്‍വകലാശാല അറിയിച്ചിരുന്നത്. മാര്‍ക്ക്ദാനം റദ്ദാക്കാനുള്ള വിജ്ഞാപനവും ഗവര്‍ണ്ണര്‍ക്ക് നല്‍കിയ വിശദീകരണം പിൻവലിക്കും.

പ്രത്യേക മോഡറേഷൻ നേടാത്തെ വിദ്യാര്‍ത്ഥികളെയും മാര്‍ക്ക്ദാനം നേടിയവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതിനാണ് നടപടി. 118 ബിടെക് വിദ്യാര്‍ത്ഥികളെ പ്രത്യേക മോഡറേഷൻ നല്‍കി ജയിപ്പിച്ചതെന്നായിരുന്നു സര്‍വകലാശാല പറഞ്ഞിരുന്നത്. പക്ഷേ പുതിയ കണക്കെടുപ്പില്‍ ഇതില്‍ രണ്ട് പേര്‍ക്ക് പ്രത്യേക മോഡറേഷൻ ലഭിച്ചിട്ടില്ലെന്ന് കണ്ടെത്തി. കോതമംഗല എംഎ കോളേജിലെയും മുവാറ്റുപുഴ സിസാറ്റിലെയും രണ്ട് പേര്‍ പുനര്‍മൂല്യ നിര്‍ണ്ണയം വഴിയാണ് ജയിച്ചത്. ഇവരുടെ പേരുകള്‍ മാര്‍ക്ക്ദാനം നേടിയവരുടെ പട്ടികയില്‍ വന്നത് ഉദ്യോഗസ്ഥരുടെ ഭാഗത്തുണ്ടായ ഗുരുതര വീഴ്ചയെന്നാണ് കണ്ടെത്തല്‍. എണ്ണത്തില്‍ വ്യത്യാസം വന്നതോടെ മാര്‍ക്ക്ദാനം റദ്ദാക്കാനുള്ള വിജ്ഞാപനവും ഗവര്‍ണ്ണര്‍ക്ക് നല്‍കിയ വിശദീകരണവും സര്‍വകലാശാല പിൻവലിക്കും.
സെക്ഷൻ ഓഫീസര്‍മാരായ വികെ അനന്തകൃഷ്ണൻ, ബെന്നി കുര്യാക്കോസ് എന്നിവരെ സസ്പെന്‍റ് ചെയ്തു. ജോയിന്‍റ് രജിസ്ട്രാര്‍ ആഷിക് എം കമാല്‍, ഡെപ്യൂട്ടി രജിസ്ട്രാര്‍ നസീമാ ബീവി, അസിസ്റ്റന്‍റ് രജിസ്ട്രാര്‍ പത്മകുമാര്‍ എന്നിവരെ സ്ഥലം മാറ്റി.

വിവാദമായ മാര്‍ക്ക് ദാനം റദ്ദാക്കിയ വിജ്ഞാപനത്തിലും 118 പേര്‍ മോഡറേഷൻ നേടി എന്നാണ് രേഖപ്പെടുത്തിയിരുന്നത്. ഈ വിജ്ഞാപനം പിൻവലിക്കും. പ്രത്യേക മോഡറേഷൻ നേടിയ വിദ്യാര്‍ത്ഥികളില്‍ ചിലര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കണക്കിലെ വ്യത്യാസം സര്‍വകലാശാലയ്ക്ക് കോടതിയിലും തിരിച്ചടിയാകും. അതുപോലെ ഗവര്‍ണ്ണറെയും സര്‍ക്കാരിനെയും സര്‍വകലാശാല ഇക്കാര്യത്തില്‍ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. മാർക്ക് ദാനം വിഷയം പൂർത്തി വയ്ക്കാൻ ഉള്ള ശ്രമമാണ് സർവ്വകലാശാലയുടെ ഭാഗത്തുനിന്ന് തുടർച്ചയായി ഉണ്ടാകുന്നത്.