ജോലി വേണ്ട സഖാക്കളുടെ ലിസ്റ്റ് തരൂ; സിപിഎമ്മുകാരെ തിരുകിക്കയറ്റാന്‍ ജില്ലാ സെക്രട്ടറിക്ക് മേയറുടെ കത്ത്

Jaihind Webdesk
Saturday, November 5, 2022

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ ഒഴിവുകളിലേക്ക് പാർട്ടിക്കാരെ തിരുകിക്കയറ്റാന്‍ മേയർ ആര്യാ രാജേന്ദ്രന്‍റെ ശ്രമം വിവാദത്തില്‍. നഗരസഭയിലെ താത്ക്കാലിക തസ്തികകളിലേക്ക് മുന്‍ഗണനാ പട്ടിക ആവശ്യപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് നല്‍കിയ കത്താണ് വിവാദമായിരിക്കുന്നത്. മേയറുടെ ഔദ്യോഗിക ലെറ്റര്‍ പാഡിലാണ് ജോലി ഒഴിവുണ്ടെന്ന് കാട്ടി ജില്ലാ സെക്രട്ടറിക്ക് കത്തയച്ചിരിക്കുന്നത്.

നഗസഭയിലെ 295 താത്ക്കാലിക തസ്തികകളിലേക്കാണ് ഒഴിവുകളുള്ളത്. നഗരസഭയുടെ ആരോഗ്യ വിഭാഗത്തിലേക്ക് 295 താത്ക്കാലിക ജീവനക്കാരെ ദിവസവേതന അടിസ്ഥാനത്തില്‍ നിയമിക്കുന്നുണ്ടെന്നും ഇതിലേക്ക് പാര്‍ട്ടിയുടെ മുന്‍ഗണനാ പട്ടിക നല്‍കണമെന്നും ആവശ്യപ്പെട്ടാണ് കത്ത്. സഖാക്കളുടെ തന്നെ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ പ്രചരിച്ചതോടെയാണ് കത്ത് പുറത്തായത്. സഖാവേ എന്ന് അഭിസംബോധന ചെയ്തുള്ള കത്ത് നവംബര്‍ ഒന്നിനാണ് അയച്ചിരിക്കുന്നത്. ആരോഗ്യവിഭാഗത്തിലെ ഒഴിവുകള്‍ തരംതിരിച്ച് പറയുന്ന കത്തില്‍ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടതെന്നും അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതിയും വ്യക്തമാക്കിയിട്ടുണ്ട്.

സ്വജനപക്ഷപാതവും പിന്‍വാതില്‍ നിയമനങ്ങളും സംബന്ധിച്ച് നിരവധി ആക്ഷേപങ്ങളില്‍ സർക്കാർ കളങ്കിതമായിരിക്കുന്നതിനിടെയാണ് ജോലിക്കായി സഖാക്കളെ ഔദ്യോഗികമായി ക്ഷണിച്ച ആര്യാ രാജേന്ദ്രന്‍റെ നടപടി. മേയറുടെ നടപടി സത്യപ്രതിജ്ഞാ ലംഘനമാണെന്ന് പ്രതിപക്ഷം ആരോപിച്ചു.  അതേസമയം സംഭവം വിവാദമായതോടെ ഇത്തരമൊരു കത്ത് താന്‍ ഒപ്പിട്ട് നല്‍കിയിട്ടില്ലെന്ന പ്രതികരണവുമായി മേയർ ആര്യാ രാജേന്ദ്രന്‍ രംഗത്തെത്തി.  അഭ്യസ്തവിദ്യരായ ചെറുപ്പക്കാര്‍ തൊഴിലിനായി അലയുന്നതിനിടെയാണ് സംസ്ഥാനം ഭരിക്കുന്ന പാർട്ടിയുടെ യഥാർത്ഥ മുഖം വീണ്ടും മറനീക്കിയിരിക്കുന്നത്. പിഎസ് സിയെ പോലും നോക്കുകുത്തിയാക്കി വിവിധ തസ്തിതകളില്‍ പാർട്ടി അനുഭാവികളെ തിരുകിക്കയറ്റുന്ന നടപടിക്കെതിരെ സർക്കാരിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്.