ബ്രൂവറി അഴിമതി മറയ്ക്കാന്‍ എക്‌സൈസില്‍ കൂട്ട സ്ഥലംമാറ്റം

Saturday, December 15, 2018

തിരുവനന്തപുരം: ബ്രൂവറികള്‍ക്ക് അനുമതി നല്‍കാനുള്ള തീരുമാനം വിവാദമായതിന് പിന്നാലെ, ഉത്തരവാദിത്തം ഉദ്യോഗസ്ഥരില്‍ മാത്രം കെട്ടിവെയ്ക്കാന്‍ നീക്കം. ഇതിന് മുന്നോടിയായി എക്‌സൈസ് വകുപ്പില്‍ കൂട്ട സ്ഥലംമാറ്റം. ബ്രൂവറി ഫയലുകള്‍ക്ക് വേഗം കൂട്ടിയെന്ന് ആരോപിച്ച് കമ്മീഷണര്‍ ഓഫിസിലെ ഓഡിറ്റ് വിഭാഗത്തിലെ എക്‌സൈസ് ഇന്‍സ്‌പെക്ടറെ തൃശൂരിലേക്കാണ് സ്ഥലം മാറ്റിയത്. ബ്രൂവറി വിവാദമുണ്ടായപ്പോള്‍ ഇയാളെ സ്ഥലംമാറ്റാന്‍ കമ്മിഷണര്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ തീരുമാനം മരവിപ്പിക്കുകയായിരുന്നു.

എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, സൂപ്രണ്ട്, മാനേജര്‍മാര്‍ അടക്കം 64പേരെയും സ്ഥലം മാറ്റി.
എക്‌സൈസ് ആസ്ഥാനത്തെ അബ്കാരി വിഭാഗത്തിന്റെ ചുമതലയുള്ള ഡെപ്യൂട്ടി കമ്മിഷണര്‍ കെ.സുരേഷ് ബാബുവിനെ ബിവറേജസ് കോര്‍പ്പറേഷന്‍ ആസ്ഥാനത്തേക്ക് മാറ്റി. ബിവറേജസ് കോര്‍പ്പറേഷനിലുണ്ടായിരുന്ന ഡെപ്യൂട്ടി കമ്മിഷണര്‍ കെ.മുഹമ്മദ് റഷീദിനെ ആലപ്പുഴയിലേക്ക് മാറ്റി. ആലപ്പുഴ ഡെപ്യൂട്ടി കമ്മിഷണറായിരുന്ന എ.എന്‍.ഷായ്ക്കാണ് എക്‌സൈസ് ആസ്ഥാനത്തെ അബ്കാരി വിഭാഗത്തിന്റെ ചുമതല. പത്തനംതിട്ട ഡെപ്യൂട്ടി കമ്മിഷണര്‍ കെ.ചന്ദ്രപാലനാണ് പുതിയ എറണാകുളം ഡെപ്യൂട്ടി കമ്മിഷണര്‍.
എറണാകുളം ഡെപ്യൂട്ടി കമ്മിഷണര്‍ എ.എസ്.രഞ്ജിത്തിനു പത്തനംതിട്ടയുടെ ചുമതല നല്‍കി. സിഎസ്ഡി കാന്റീന്‍ ഡെപ്യൂട്ടി കമ്മിഷണറായിരുന്ന വി.പി.സുലേഷ്‌കുമാറിനെ പാലക്കാട് നിയമിച്ചു. പാലക്കാട് ഡെപ്യൂട്ടി കമ്മിഷണറായിരുന്ന ജേക്കബ് ജോണിനെ കാസര്‍ഗോഡ് നിയമിച്ചു. ബാലകൃഷ്ണനാണ് തൃശൂരിലെ പുതിയ ഡെപ്യൂട്ടി കമ്മിഷണര്‍. എ.കെ.നാരായണന്‍കുട്ടിക്കാണ് സിഎസ്ഡി കാന്റീനിന്റെ ചുമതല.