സുപ്രീം കോടതി പൊളിക്കാൻ ഉത്തരവിട്ട മരടിലെ ഫ്ലാറ്റുകൾ നിയന്ത്രിത സ്ഫോടനത്തിലൂടെ ജനുവരി 11, 12 തീയതികളിൽ പൊളിക്കും. ആൽഫാ സെറിൻ, ഹോളി ഫെയ്ത്ത് ഫ്ലാറ്റുകൾ ജനുവരി 11 നും ജെയിൻ, ഗോൾഡൻ കായലോരം ഫ്ലാറ്റുകള്‍ ജനുവരി 12 നും പൊളിച്ചുമാറ്റും. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ കൊച്ചിയിൽ ചേർന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്.
ജനുവരി 9 നകം ഫ്ലാറ്റുകള്‍ പൊളിച്ചുനീക്കി റിപ്പോര്‍ട്ട് നല്‍കാനായിരുന്നു സുപ്രീം കോടതി ഉത്തരവ്. എന്നാല്‍ ചില സാങ്കേതിക കാരണങ്ങള്‍ കാരണം മൂന്ന് ദിവസം കൂടി എടുത്ത് ഫ്ലാറ്റുകള്‍ പൊളിച്ചു നീക്കാമെന്ന് യോഗം തീരുമാനിക്കുകയായിരുന്നു. ഫ്ലാറ്റുകള്‍ പൊളിക്കുന്ന സമയത്ത് 200 മീറ്റര്‍ ചുറ്റളവില്‍ ആളുകളെ ഒഴിപ്പിക്കും.
പൊളിക്കലിന് മുൻപ് സമീപവാസികളുടെ ആശങ്കകൾ പരിഹരിക്കുന്നത്തിനായി യോഗം ചേരാനും ഗതാഗത നിയന്ത്രണം ഏർപ്പെടുത്താനും യോഗത്തിൽ തീരുമാനമായി. പൊളിക്കുന്നതിന് മുന്നോടിയായി എല്ലാവിധ സുരക്ഷാ മുന്‍കരുതലുകളും കൈക്കൊള്ളുമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് വ്യക്തമാക്കി.
ജെയിന്‍ കോറല്‍ കോവ്, ഹോളിഫെയ്ത്ത് എച്ച് ടു ഒ, ഗോള്‍ഡന്‍ കായലോരം എന്നീ ഫ്ലാറ്റുകള്‍ എഡിഫൈസും, ആല്‍ഫ വെഞ്ചേഴ്‌സിന്‍റെ രണ്ട് ഫ്‌ളാറ്റുകള്‍ വിജയ് സ്റ്റീല്‍സും പൊളിക്കും. പൊളിക്കാനുള്ള കെട്ടിട്ടങ്ങളില്‍ ഏറ്റവും ഉയരം കൂടിയത് ഹോളി ഫെയ്ത്തിന്‍റെ കെട്ടിട്ടമാണ്. 19 നില കെട്ടിട്ടമാണിത്. അതേ ദിവസം പൊളിക്കാന്‍ പദ്ധതിയിടുന്ന ആല്‍ഫാ സെറിന്‍ ഫ്ളാറ്റുകള്‍ ഇരട്ട കെട്ടിട്ടങ്ങളാണ്. രണ്ട് കെട്ടിട്ടങ്ങളിലും 16 നിലകള്‍ വീതമുണ്ട്. എല്ലാ കെട്ടിട്ടങ്ങളും ഒരേദിവസം തന്നെ പൊളിക്കാമെന്ന് കമ്പനിയുടെ പ്രതിനിധികള്‍ അറിയിച്ചെങ്കിലും രണ്ട് ദിവസങ്ങളിലായി കെട്ടിടങ്ങള്‍ പൊളിച്ചാല്‍ മതിയെന്ന് യോഗം തീരുമാനിക്കുകയായിരുന്നു. ജില്ലാ കളക്ടര്‍ എസ് സുഹാസ്, സിറ്റി പൊലീസ് കമ്മീഷണർ വിജയ് സാഖറെ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.