ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിംഗ് ആരംഭിച്ച് മണിക്കൂറുകള്‍ക്കകം മാവോയിസ്റ്റ് ആക്രമണം. ഗുംല ജില്ലയിലാണ് മാവോയിസ്റ്റ് ആക്രമണമുണ്ടായത്. കാര്‍ഷിക, കുടിവെള്ള ആവശ്യങ്ങള്‍ക്കായി ഒരു ടണല്‍ മാവോയിസ്റ്റുകള്‍ സ്ഫോടനത്തില്‍ തകർക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
അതേസമയം അക്രമ സംഭവം വോട്ടെടുപ്പ് പ്രക്രിയയെ ബാധിച്ചിട്ടില്ലെന്നും പോളിംഗ് തുടരുമെന്നും ഡെപ്യൂട്ടി കമ്മീഷണര്‍ ശശി രഞ്ജന്‍ അറിയിച്ചു. സംഭവം അന്വേഷിക്കുന്നതായും അദ്ദേഹം അറിയിച്ചു. ഇന്ന് രാവിലെ ഏഴുമണിക്കാണ് ജാര്‍ഖണ്ഡില്‍ പോളിംഗ് ആരംഭിച്ചത്. ആറു ജില്ലകളിലെ 13 നിയോജക മണ്ഡലങ്ങളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.
3,906 പോളിംഗ് സ്റ്റേഷനുകളിലായി രാവിലെ 7 മുതൽ വൈകിട്ട് 3 മണി വരെയാണ് വോട്ടെടുപ്പ്. 37,83,055 വോട്ടർമാരാണ് ആദ്യഘട്ടത്തിൽ ബൂത്തിലെത്തുക. 989 വോട്ടെടുപ്പ് കേന്ദ്രങ്ങളിൽ വെബ്കാസ്റ്റിംഗ് സൗകര്യമുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. അഞ്ച് ഘട്ടങ്ങളിലായാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കുന്നത്. ഡിസംബർ 23 നാണ് ഫലപ്രഖ്യാപനം.