ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഊഹിക്കാവുന്നതിനുമപ്പുറം അഴിമതി നരേന്ദ്രമോദി സര്‍ക്കാരിന്റെ കാലയളവില്‍ നടന്നെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. നോട്ടുനിരോധനം സ്വതന്ത്ര ഇന്ത്യയില്‍ നടന്ന ഏറ്റവും വലിയ അഴിമതിയായിരിക്കുമെന്നും വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഡോ. മന്‍മോഹന്‍സിങ് പറഞ്ഞു.
നരേന്ദ്ര മോദി സര്‍ക്കാറിന്റെ കഴിഞ്ഞ അഞ്ചു വര്‍ഷത്തേത് ദുഃഖകരമായ ഭരണത്തിന്റെയും ഉത്തരവാദിത്വമില്ലായ്മയുടെയും ആകെത്തുകയാണ്. മോദിയുടെ ഭരണം ഏറ്റവുമധികം ബാധിച്ചത് രാജ്യത്തെ യുവജനങ്ങളേയും, കര്‍ഷകരേയും, കച്ചവടക്കാരെയുമാണ്.
ദേശീയതയെ മുന്‍ നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിടുന്ന ബി.ജെ.പിയുടെ രീതിയേയും മന്‍മോഹന്‍സിങ് വിമര്‍ശിച്ചു. ‘ബി.ജെ.പി ഓരോ ദിവസവും പുതിയ ആഖ്യാനങ്ങള്‍ തേടിക്കൊണ്ടിരിക്കുകയാണ്. സര്‍ക്കാറിന് ഇല്ലാത്ത ആശയദാരിദ്ര്യത്തെയാണ് ഇത് വെളിവാക്കുന്നത്’- മന്‍മോഹിസിങ് പറയുന്നു. യു.പി.എ സര്‍ക്കാര്‍ വിമര്‍ശനങ്ങള്‍ക്ക് വിധേയമായിട്ടുണ്ടെന്നും, എന്നാല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ തങ്ങള്‍ക്കെതിരായ അഴിമതി ആരോപണങ്ങള്‍ വിശദീകരിക്കാന്‍ തയ്യാറായിട്ടില്ലെന്നും സിങ് ചൂണ്ടിക്കാട്ടി. കൂട്ടായ വളര്‍ച്ചയില്‍ വിശ്വാസമില്ലാത്ത ബി.ജെ.പിക്ക് പുറത്തേക്കുള്ള വഴി കാണിച്ചു കൊടുക്കണമെന്നും സിങ് പറഞ്ഞു.