മന്‍ കി ബാത്ത് വേണ്ട, മണിപ്പൂർ കി ബാത്ത് പറയൂ: റേഡിയോ തല്ലിപ്പൊട്ടിച്ചും തീയിട്ടും മണിപ്പൂരിലെ ജനങ്ങള്‍; പ്രധാനമന്ത്രിക്കെതിരെ ശക്തമായ പ്രതിഷേധം

Jaihind Webdesk
Monday, June 19, 2023

 

ഇംഫാല്‍: മണിപ്പൂരില്‍ കലാപം രൂക്ഷമാകുമ്പോഴും നിസംഗത തുടരുന്ന കേന്ദ്ര സർക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ കടുത്ത പ്രതിഷേധവുമായി മണിപ്പൂരിലെ ജനത. പ്രതിഷേധ സൂചകമായി നരേന്ദ്ര മോദിയുടെ റേഡിയോ പരിപാടിയായ ‘മൻ കി ബാത്ത്’ ബഹിഷ്കരിച്ചു. മന്‍ കി ബാത്ത് കേള്‍ക്കുന്ന റേഡിയോ സെറ്റുകൾ പൊതുനിരത്തിൽ എറിഞ്ഞുടയ്ക്കുകയും നിലത്തിട്ട് ചവിട്ടുകയും തീകൊളുത്തിയുമായിരുന്നു ഒരു വിഭാഗത്തിന്‍റെ പ്രതിഷേധം.

കലാപം 50 ദിവസം പിന്നിടുമ്പോഴും  പ്രധാനമന്ത്രിയുടെ മൗനത്തില്‍ കടുത്ത രോഷത്തിലാണ് മണിപ്പൂർ ജനത. പ്രധാനമന്ത്രിയുടെ മൻ കി ബാത്ത് കേൾക്കാൻ താൽപര്യമില്ലെന്നും ഇത്തരം നാടകം വേണ്ടെന്നും പ്രതിഷേധക്കാര്‍ പറയുന്നു. മന്‍ കി ബാത്തിന്‍റെ 102-ാം എപ്പിസോഡ് പ്രക്ഷേപണം ചെയ്യുന്നതിനിടയാണ് വിവിധ ജില്ലകളില്‍ പ്രതിഷേധം അരേങ്ങറിയത്. അടിയന്തരാവസ്ഥയെയും ജനാധിപത്യത്തെയും കുറിച്ച് മോദി സംസാരിച്ചെങ്കിലും മണിപ്പൂരിനെ കുറിച്ച് ഒരക്ഷരം പോലും മിണ്ടാന്‍ തയാറായില്ല. റേഡിയോ തകർത്തുള്ള പ്രതിഷേധത്തിനിടെ മോദിക്കും ബിജെപി സർക്കാരിനുമെതിരെ മുദ്രാവാക്യങ്ങളും ഉയർന്നു.

50 ദിവസം പിന്നിടുന്ന കലാപത്തില്‍ നൂറുകണക്കിന് ആളുകൾ മരിക്കുകയും ആയിരങ്ങൾ ഭവനരഹിതരാവുകയും ചെയ്തു. എണ്ണമറ്റ പള്ളികളും ആരാധനാലയങ്ങളും നശിപ്പിക്കപ്പെട്ടു. പ്രശ്നത്തിന് പരിഹാരം കാണേണ്ട ബിജെപി ഭരണകൂടം അവിടെ നടക്കുന്ന കലാപത്തിന്‍റെ ഭാഗമാകുകയാണ് ചെയ്യുന്നതെന്ന ആക്ഷേപം ശക്തമാണ്.