മാണി സി കാപ്പൻ ഇടതുമുന്നണി വിടും; പ്രഖ്യാപനം വെളളിയാഴ്ച

മാണി സി കാപ്പൻ ഇടതുമുന്നണി വിടും. ഇത് സംബന്ധിച്ച പ്രഖ്യാപനം വെളളിയാഴ്ച ഉണ്ടാകും. പാല, അല്ല വിശ്വാസ്യതയാണ് പ്രശ്നമെന്ന് മാണി സി കാപ്പൻ പറഞ്ഞു. എൻ.സി.പി ഇടതമുന്നണി വിടുമെന്ന സൂചനയും മാണി സി കാപ്പൻ നൽകി. സംസ്ഥാന പ്രസിഡന്‍റ് ടി.പി പീതാംബരനും മാണി സി കാപ്പനും നാളെ ദേശീയ അധ്യക്ഷൻ ശരത് പവാറുമായി കൂടിക്കാഴ്ച നടത്തും.

പാലാ സീറ്റ് സംബന്ധിച്ച വിഷയം മാത്രമല്ല ഇതെന്നും പാലായ്ക്ക് പകരം കുട്ടനാട് സീറ്റിൽ മത്സരിച്ചോളാൻ ഇടതുമുന്നണി പറഞ്ഞത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത് വിശ്വാസ്യതയുടെ പ്രശ്നമാണ്. സിപിഎം മുന്നണി മര്യാ​ദ കാട്ടിയില്ലെന്നും തോറ്റ പാർട്ടിക്ക് സീറ്റ് കൊടുക്കുന്നത് എന്ത് ന്യായമാണെന്നും അദ്ദേഹം ചോദിച്ചു. പാർട്ടി ദേശീയ നേതൃത്വം തനിക്ക് അനുകൂലമായ തീരുമാനമെടുക്കുമെന്നാണ് വിശ്വാസമെന്നും മാണി സി കാപ്പൻ വ്യക്തമാക്കി.

മുന്നണി വിട്ടാൽ പാർട്ടി പിളരില്ലേ എന്ന ചോദ്യത്തിന് മറുഭാ​ഗത്തിന്‍റെ അഭിപ്രായം എന്താണെന്ന് തനിക്കറിയില്ലെന്നാണ് മാണി സി കാപ്പൻ പറഞ്ഞത്. ജയിച്ചതടക്കമുള്ള നാല് സീറ്റുകളും നൽകുന്നത് എങ്ങനെയാണ് ഔദാര്യമാകുന്നത്. അത് മുന്നണി മര്യാദയല്ലേ എന്നും അദ്ദേഹം ചോദിച്ചു. പാർട്ടി നിലപാട് മറ്റന്നാൾ പ്രഫുൽ പട്ടേൽ പ്രഖ്യാപിക്കുമെന്നും മാണി സി കാപ്പൻ പറഞ്ഞു.

മാണി സി കാപ്പൻ-ശരദ് പവാർ കൂടിക്കാഴ്ച ഇന്ന് നടന്നില്ല. നാളെ കൂടിക്കാഴ്ച ഉണ്ടാകുമെന്നാണ് വിവരം.

Comments (0)
Add Comment