മംഗളുരു ഫാസിൽ വധം: 10 പേർ കസ്റ്റഡിയിൽ; സൂറത്‌കൽ ഉള്‍പ്പെടെ വിവിധയിടങ്ങളില്‍ നിരോധനാജ്ഞ

Jaihind Webdesk
Friday, July 29, 2022

മംഗളുരു: സൂറത്‌കലിൽ യുവാവിനെ മുഖംമൂടി സംഘം തുണിക്കടയിൽ കയറി വെട്ടിക്കൊന്ന കേസിൽ 10 പേർ കസ്റ്റഡിയിൽ. ക്രിമിനൽ പശ്ചാത്തലമുള്ള ഇവരെ പൊലീസ് ചോദ്യം ചെയ്യുന്നു. സൂറത്‌കൽ മംഗലപ്പേട്ട സ്വദേശി മുഹമ്മദ് ഫാസിൽ (23) ആണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രി 9 മണിയോടെയാണ് സംഭവം നടന്നത്. അടുത്തടുത്ത് രണ്ട് കൊലപാതകങ്ങള്‍ നടന്നതിനാൽ മംഗളുരുവില്‍ കൂടുതൽ സ്ഥലങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

ചൊവ്വാഴ്ച രാത്രി ബെള്ളാരെയിൽ യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരു കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഫാസിലിന്‍റെ കൊലപാതകം. സുഹൃത്തുമായി സംസാരിച്ചുകൊണ്ടുനിന്ന ഫാസിലിനെ പിന്നിലൂടെ എത്തിയ അക്രമി സംഘം ക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.  സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ഫാസിലിന്‍റെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്രയിൽ വൻ ജനാവലി പങ്കെടുത്തു.

തുടർച്ചയായ രണ്ട് കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍  കനത്ത പൊലീസ് സുരക്ഷയിലാണ് നഗരം. സൂറത്കല്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ നിരോധനാജ്ഞ ഏർപ്പെടുത്തിയിട്ടുണ്ട്.  പ്രദേശത്തെ മദ്യശാലകള്‍ അടച്ചിടാൻ പൊലീസ് നിര്‍ദേശം നൽകി. കർണാടക-കേരള അതിർത്തിയിൽ ഉൾപ്പെടെ 19 ചെക്ക് പോസ്റ്റുകളിൽ ശക്തമായ പരിശോധനയും നടത്തുന്നുണ്ട്. ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിൽ സുരക്ഷ ശക്തമാക്കി, സൂറത്കൽ, ബജ്‌പെ, മുൽക്കി, പന്നമ്പൂർ പൊലീസ് സ്റ്റേഷൻ പരിധികളിലെ സ്‌കൂളുകൾക്കും കോളേജുകൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. അതേസമയം യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിന്‍റെ മരണം എന്‍ഐഎ അന്വേഷിക്കും.