മാനസയുടെ കൊലപാതകം : രാഖിലിന് പിസ്റ്റൾ നൽകിയ ബിഹാർ സ്വദേശി പിടിയില്‍

Jaihind Webdesk
Saturday, August 7, 2021

 

കൊച്ചി : ഡെന്‍റല്‍ സർജന്‍ മാനസയെ വെടിവെച്ച് കൊലപ്പെടുത്തിയതിന് ശേഷം ആത്മഹത്യ ചെയ്ത രാഖിലിന് പിസ്റ്റള്‍ നല്‍കിയയാള്‍ അറസ്റ്റില്‍. ബിഹാർ മുൻഗർ ജില്ലയിലെ ഖപ്ര താര ഗ്രാമത്തിലെ സോനു കുമാർ മോദി (21) ആണ് പിടിയിലായത്. കോതമംഗലം എസ്ഐയുടെ നേതൃത്വത്തിലാണ് ബിഹാറില്‍ നിന്ന് ഇയാളെ പിടികൂടിയത്. ഇയാളെ ഇന്ന് കൊച്ചിയിലെത്തിക്കും.

ബിഹാർ പൊലീസിന്‍റെ സഹായത്തോടെയായിരുന്നു കോതമംഗലം എസ്ഐ മാഹിനിന്‍റെ നേതൃത്വത്തിലുള്ള സംഘം സോനു കുമാറിനെ അറസ്റ്റ് ചെയ്തത്. പൊലീസിന് നേരെ സോനുവിന്‍റെ സംഘത്തിന്‍റെ ഭാഗത്തുനിന്ന് ചെറുത്തുനില്‍പ്പുണ്ടായി. പൊലീസ് സംഘം വെടിയുതിർത്തതിനെ തുടർന്ന് ഒപ്പമുണ്ടായിരുന്നവർ കടന്നു കളഞ്ഞു. സോനുവിനെ ഇന്നലെ മുൻഗർ ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയിരുന്നു. തുടർന്ന് കോതമംഗലം ജു‍ഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലേക്ക് ട്രാൻസിറ്റ് വാറന്‍റ് അനുവദിച്ചു. ഇയാളെ ഇന്ന് കൊച്ചിയിലെത്തിക്കും. രാഖിലിനെ സോനുവിനടുത്ത് എത്തിച്ച  ടാക്സി ഡ്രൈവർക്കായും അന്വേഷണം പുരോഗമിക്കുകയാണ്.

കഴിഞ്ഞ ജൂലൈ 30നാണ് നാടിനെ ഞെട്ടിച്ച മാനസ കൊലപാതകം നടന്നത്. കോതമംഗലം നെല്ലിക്കുഴിയിൽ ഡെന്‍റൽ കോളേജില്‍ ഹൗസ് സർജന്‍സി ചെയ്യുകയായിരുന്ന പി.വി മാനസയെ വെടിവെച്ച് കൊലപ്പെടുത്തിയശേഷം രാഖില്‍ സ്വയം നിറയൊഴിച്ച് മരിക്കുകയായിരുന്നു. പ്രണയനൈരാശ്യമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ് അന്വേഷണം മുന്നോട്ടുപോകുന്നത്. രണ്ടു വർഷം മുമ്പ് ഇൻസ്റ്റാഗ്രാമിലൂടെയാണ് ഇരുവരും പരിചയപ്പെട്ടതെന്നാണ് വിവരം. പിന്നീട് യുവാവ് നിരന്തരമായി ശല്യം ചെയ്യാൻ തുടങ്ങി. ഇതോടെ മാനസയുടെ പിതാവ് പൊലീസിൽ പരാതി നൽകി. കണ്ണൂർ ഡിവൈഎസ്പിയുടെ സാന്നിധ്യത്തിൽ പിന്നീട് പ്രശ്നം ഒത്തുതീർപ്പാക്കുകയായിരുന്നു. ശല്യപ്പെടുത്തുകയില്ലെന്ന് രാഖിൽ ഉറപ്പു നൽകിയതിനാലാണ് പൊലീസ് കേസെടുക്കാതെ ഒത്തുതീർപ്പാക്കിയത്. എന്നാൽ പക വളർന്നതാണ് മാനസയെ കൊലപ്പെടുത്താൻ കാരണമെന്നാണ് സൂചന.