മാനസയുടെ കൊലപാതകം : ബിഹാറില്‍ ഒരാള്‍ കൂടി അറസ്റ്റില്‍ ; പിടിയിലായത് ടാക്‌സി ഡ്രൈവര്‍

Jaihind Webdesk
Saturday, August 7, 2021

കൊച്ചി : കോതമംഗലത്തെ മാനസയുടെ കൊലപാതകത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. രാഖിലിനെ പട്‌നയില്‍ സഹായിച്ച ടാക്‌സി ഡ്രൈവര്‍ മനേഷ് കുമാറാണ് പിടിയിലായത്. തോക്കുവാങ്ങാന്‍ രാഖിലിനെ സോനുവിന്റെ അടുത്തെത്തിച്ചത് മനേഷ്‌കുമാറായിരുന്നു.

രാഖിലിന് പിസ്റ്റള്‍ നല്‍കിയ ബിഹാർ സ്വദേശി സോനു കുമാർ മോദി നേരത്തെെ പിടിയിലായിരുന്നു. കോതമംഗലം എസ്ഐയുടെ നേതൃത്വത്തിലാണ് ബിഹാറില്‍ നിന്ന് ഇയാളെ പിടികൂടിയത്. ഇയാളെ ഇന്ന് കൊച്ചിയിലെത്തിക്കും.ബിഹാർ പൊലീസിന്‍റെ സഹായത്തോടെയായിരുന്നു കോതമംഗലം എസ്ഐ മാഹിനിന്‍റെ നേതൃത്വത്തിലുള്ള സംഘം സോനു കുമാറിനെ അറസ്റ്റ് ചെയ്തത്.

പൊലീസിന് നേരെ സോനുവിന്‍റെ സംഘത്തിന്‍റെ ഭാഗത്തുനിന്ന് ചെറുത്തുനില്‍പ്പുണ്ടായി. പൊലീസ് സംഘം വെടിയുതിർത്തതിനെ തുടർന്ന് ഒപ്പമുണ്ടായിരുന്നവർ കടന്നു കളഞ്ഞു. സോനുവിനെ ഇന്നലെ മുൻഗർ ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയിരുന്നു. തുടർന്ന് കോതമംഗലം ജു‍ഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലേക്ക് ട്രാൻസിറ്റ് വാറന്‍റ് അനുവദിച്ചു. ഇയാളെ ഇന്ന് കൊച്ചിയിലെത്തിക്കും.