11.67 കോടി രൂപ വിലമതിക്കുന്ന ഹൈഡ്രോപോണിക് കഞ്ചാവുമായി ഒരാളെ ഗോവ പോലീസ് പിടികൂടി. ഗോവയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിത്. ബെംഗളൂരു നിവാസിയായ ഗൗതം എന്ന 32 കാരനാണ് അറസ്റ്റിലായത്. തലസ്ഥാനമായ പനാജിക്ക് അടുത്തുള്ള ഗുയിരിം ഗ്രാമത്തില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് ക്രൈംബ്രാഞ്ച് പോലീസ് വക്താവ് അറിയിച്ചു.
‘11.67 കോടി രൂപയോളം വിലമതിക്കുന്ന 11.672 കിലോഗ്രാം ഹൈഡ്രോപോണിക് കഞ്ചാവാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. നാര്‍ക്കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് (എന്‍ഡിപിഎസ്) ആക്ട് പ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തു. സംസ്ഥാനത്തെ വിനോദ സഞ്ചാര കേ്ന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുകൊണ്ടു പ്രവര്‍ത്തിക്കുന്ന ലഹരി മാഫിയുടെ ശൃംഖലയില്‍ പെട്ട ആളിനെയാണ് പിടികൂടിയതെന്ന് പോലീസ് പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിലേയ്ക്കുള്‍പ്പടെ വില്‍പ്പന ലക്ഷ്യമിട്ടാണ് വന്‍ ശേഖരം ഇയാള്‍ സൂക്ഷിച്ചിരുന്നത്.
ചെടി വളര്‍ത്താനുള്ള കൃത്രിമാന്തരീക്ഷം ഉണ്ടാക്കി വളര്‍ത്തിയെടുക്കുന്നവയാണ് ഹൈഡ്രോപോണിക്‌സ് രീതി. ജലത്തിലൂടെ ധാതു പോഷക ലായനികള്‍ നല്‍കി കൃത്രിമ അന്തരീക്ഷത്തില്‍ മണ്ണില്ലാതെ കൃഷി ചെയ്‌തെടുത്ത കഞ്ചാവാണിത്. ഇതിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് ഗോവ പോലീസ് . തായ്ലന്‍ഡില്‍ നിന്ന് നേപ്പാള്‍ വഴി ബെംഗളൂരുവില്‍ എത്തിച്ച കഞ്ചാവാണ് ഇതെന്ന് കരുതുന്നു. രണ്ടാഴ്ച മുമ്പ് ഗോവയില്‍ എത്തിയ ഗൗതം ഗുയിറിമിലും പെര്‍ണെമിലും രണ്ട് അപ്പാര്‍ട്ടുമെന്റുകള്‍ പാക്കറ്റുകള്‍ സൂക്ഷിക്കാനായി വാടകയ്ക്കെടുത്തു. ആവശ്യക്കാരെ കണ്ടെത്തു്ന്നതിനായി പ്രാദേശിക കച്ചവടക്കാര്‍ക്ക് ചെറിയ സാമ്പിളുകള്‍ വിതരണം ചെയതത് പോലീസിന്‌റെ നിരീക്ഷണത്തില്‍ പെട്ടു. തുടര്‍ന്ന് ഗൗതം ക്രൈംബ്രാഞ്ച് നിരീക്ഷണത്തിലായിരുന്നു.