കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെയും ബിജെപിയെയും കടന്നാക്രമിച്ച് മമതാ ബാനർജി

Jaihind Webdesk
Thursday, May 16, 2019

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെയും ബിജെപിയെയും കടന്നാക്രമിച്ച് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. തുടർച്ചയായ അക്രമങ്ങൾക്കു പിന്നാലെ ബംഗാളിലെ പരസ്യ പ്രചാരണം വ്യാഴാഴ്ച അവസാനിപ്പിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ടതിന് പിന്നാലെയാണ് വിമർശനം.

അടിയന്തരാവസ്ഥക്ക് സമാനമായ സാഹചര്യമാണ് നിലനിൽക്കുന്നതെന്നും ഇത് ബിജെപിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും എടുത്ത തീരുമാനമാണെന്നും മമത ബാനർജി വിമർശിച്ചു. മോദിക്കെതിരെ താൻ സംസാരിക്കുന്നതുകൊണ്ടാണ് ബംഗാളിനെ ലക്ഷ്യമിടുന്നത്. ബിജെപിക്കു കീഴിലാണു തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പ്രവർത്തനമെന്നും മമതാ ബാനർജി ആരോപിച്ചു.

ഇതുവരെയുമില്ലാത്ത ഒരു തീരുമാനമാണിത്. ചൊവ്വാഴ്ചത്തെ അക്രമങ്ങൾക്കു കാരണം അമിത്ഷായാണ്. എന്തുകൊണ്ടു തെരഞ്ഞെടുപ്പ് കമ്മീഷൻ അമിത് ഷായ്ക്കു കാരണം കാണിക്കൽ നോട്ടിസ് നൽകുന്നില്ലെന്നും മമത ചോദിച്ചു.

തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനം പക്ഷപാതപരമാണെന്നും വ്യാഴാഴ്ച രണ്ടു റാലികൾ തീർക്കാനുള്ള സമയം തെരഞ്ഞെടുപ്പ് കമ്മിഷൻ മോദിക്ക് അനുവദിച്ചു എന്നും മമതാ ബാനർജി ആരോപിച്ചു. തുടർച്ചയായ അക്രമങ്ങൾക്കു പിന്നാലെ ബംഗാളിലെ പരസ്യ പ്രചാരണം വ്യാഴാഴ്ച അവസാനിപ്പിക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവിട്ടിരുന്നു. 24 മണിക്കൂറാണു പ്രചാരണ സമയത്തിൽനിന്നു കമ്മീഷൻ വെട്ടിക്കുറച്ചത്.