തൊഴിൽ പീഡനം : മാൽകോ ടെക്‌സിലെ – ഫിനാൻസ് മാനേജർ ജോലിയിൽ നിന്നും രാജി വെച്ചു

Jaihind Webdesk
Tuesday, July 2, 2019

തൊഴിൽ പീഡനത്തെ തുടർന്ന് പൊതുമേഖലാ സ്ഥാപനമായ മാൽകോ ടെക്‌സിലെ – ഫിനാൻസ് മാനേജർ ജോലിയിൽ നിന്നും രാജി വെച്ചു. എംഡിയുടെ അഴിമതിക്കെതിരെ സർക്കാരിന് പരാതി നൽകിയതോടെ ഒരു വർഷമായി സർക്കാരിൽ നിന്നും, എംഡിയിൽ നിന്നും തൊഴിൽ പീഢനം നേരിടുന്നതിനിടെയാണ് സഹീർ കാലടി ജോലി രാജിവച്ചത്.

മന്ത്രി കെ.ടി.ജലീലിന്‍റെ ബന്ധു നിയമന വിവാധത്തിൽപ്പെട്ട ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷനിൽ ജനറൽ മാനേജർ തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ അപേക്ഷ നൽകിയതിൽ വിദ്യഭ്യാസ യോഗ്യതയും, പ്രവർത്തന പരിജയവും ഉള്ള അപേക്ഷകനായിരുന്നു സഹീർ കാലടി. സഹീറിനെ അവഗണിച്ച്, മന്ത്രി ബന്ധുവായ കെ.ടി.അദീബിന് സർക്കാർ നിയമനം നൽകിയത് വലിയ ചർച്ചയായിരുന്നു. വ്യവസായ വകുപ്പിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ മാൽകോടെക്‌സിൽ ഫിനാൻസ് മാനേജർ തസ്തികയിൽ 13 വർഷമായി ജോലി ചെയ്തുവരുന്ന സഹീർ കാലടി, മാൽകോടെക്‌സ് എം.ഡിയുടെ സാമ്പത്തിക ക്രമക്കേട്, അഴിമതി എന്നിവക്കെതിരെ വ്യവസായ വകുപ്പ്പ്രിൻസിപ്പൽ സെക്രട്ടറിക്ക് തെളിവ് സഹിതം പരാതി നൽകിയിരുന്നു. ഇതോടെ എം.ഡി – ഭരണ സ്വാധീനം ഉപയോഗിച്ചും, ബന്ധു നിയമന വിവാദത്തിൽ അകപ്പെട്ട ഉദ്യോഗാർത്ഥിയായതിനാൽ മന്ത്രിയുടെ പിന്തുണയോട് കൂടിയും സഹീറിനെതിരെ തൊഴിൽ പീഢനം ആരംഭിച്ചു. ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് കഴിഞ്ഞ ജനുവരി മുതൽ സഹീർ മെഡിക്കൽ ലീവിലാണ്. പക്ഷെ, രണ്ട് വർഷത്തെ ശൂന്യവേതന അവധിക്ക് സഹീർ അപേക്ഷ നൽകിയെങ്കിലും അതനുവദിക്കാതെ സർക്കാരും, ങഉ യും പക വീട്ടികൊണ്ടിരുന്നുന്നു.

എം.ഡിക്ക് എതിരെയുള്ള പരാതി പിൻവലിക്കാൻ വ്യവസായവകുപ്പ് മന്ത്രിയുടെ ഓഫീസിൽ നിന്നുപോലും സഹീറിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനു സഹീർ വഴങ്ങിയില്ല. എം.ഡി നടത്തുന്ന തൊഴിൽ പീഡനം തടയണമെന്ന് സർക്കാരിനോട് അപേക്ഷിച്ചെങ്കിലും, ഫലമുണ്ടായില്ല. തുടർന്നാണ് ഇന്നലെ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് സഹീർ രാജിക്കത്ത് കൈമാറിയത്. സ്പിന്നിംഗ് മിൽ ഓഫീസേഴ്‌സ് യൂണിയന്‍റെ സംസ്ഥാന ജനറൽ സെക്രട്ടറിയാണ് സഹീർ. ഒരു ഭാഗത്ത് വ്യസായികളുടെ ആത്മഹത്യ, മറുവശത്ത് സർക്കാരിന്‍റെ പീഢനത്തെ തുടർന്ന് ജോലി ഉപേക്ഷിക്കേണ്ടി വരുന്ന ദുരവസ്ഥയും.