
ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത “വേറെ ഒരു കേസ്” (Vere Oru Case) രാജസ്ഥാൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലെ മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഈ മേളയിലേക്ക് ഇക്കുറി തിരഞ്ഞെടുക്കപ്പെട്ട ഏക മലയാള ചിത്രം എന്ന അഭിമാനകരമായ നേട്ടവും ഈ സിനിമ സ്വന്തമാക്കി. “ടൂറിസ്റ്റ് ഹോം” പോലെയുള്ള പരീക്ഷണാത്മക ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഷെബി ചൗഘട്ട്, ഇത്തവണയും പതിവ് ശൈലികളിൽ നിന്ന് മാറി ഒരു പരീക്ഷണ ചിത്രവുമായാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്.
സാമൂഹിക പ്രസക്തിയുള്ള ഗൗരവകരമായ ഒരു പ്രമേയമാണ് ചിത്രം കൈകാര്യം ചെയ്യുന്നത്. നീതി നിഷേധങ്ങൾക്കെതിരെ വിരൽ ചൂണ്ടുന്ന ഈ സിനിമയുടെ കഥ ഷെബി ചൗഘട്ടിന്റേതാണ്. ഹരീഷ് വി.എസ് ആണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. സുധീർ ബദർ, ലതീഷ്, സെന്തിൽ കുമാർ എന്നിവരാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. രജീഷ് രാമൻ ഛായാഗ്രഹണവും അമൽ ജി സത്യൻ എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നു.
അലൻസിയർ ലെ ലോപ്പസ് ഏറെക്കാലത്തിന് ശേഷം കൈകാര്യം ചെയ്യുന്ന അതീവ കരുത്തുറ്റ കഥാപാത്രമാണ് ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്ന്. വിജയ് നെല്ലിസ്, അലൻസിയർ, ബിന്നി സെബാസ്റ്റ്യൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുമ്പോൾ ബിനോജ് കുളത്തൂർ, അംബി പ്രദീപ്, അനുജിത്ത് കണ്ണൻ തുടങ്ങി വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്. രാജസ്ഥാൻ ഫെസ്റ്റിവലിന് പിന്നാലെ കൂടുതൽ അന്താരാഷ്ട്ര മേളകളിലേക്ക് ചിത്രം പ്രദർശനത്തിനായി ഒരുങ്ങുകയാണ്.