ഗുജറാത്തിൽ കൊവിഡ് മരണങ്ങൾ ഉയരുമ്പോൾ സർക്കാർ വാങ്ങിയ വെന്റിലേറ്ററുകളുടെ വിശ്വാസ്യതയിൽ ചോദ്യങ്ങൾ ഉയർത്തി കോണ്ഗ്രസ്. വെന്റിലേറ്റർ എന്ന് പറഞ്ഞ് സർക്കാർ വാങ്ങിയ ബ്രീത്തിങ് ബാഗുകൾ ആണെന്നും ബ്രീത്തിങ് ബാഗ് നിർമ്മിച്ച കമ്പനിയുടെ ഓഹരി ഉടമകളാണ് മോദിക്ക് 10 ലക്ഷം കോടിയുടെ കോട്ട് സമ്മാനിച്ചത് എന്നും കോണ്ഗ്രസ്. ഈ ബ്രീത്തിങ് ബാഗുകൾ ഏറ്റവും അധികം സ്ഥാപിച്ച അഹമ്മദാബാദിലാണ് രാജ്യത്ത് രണ്ടാമത്തെ ഉയർന്ന കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്ത നഗരം.
അഹമ്മദാബാദിലെ സിവിൽ ആശുപത്രിയിലാണ് മേക്ക് ഇൻ ഇന്ത്യ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച 230 വെന്റിലേറ്റർ സ്ഥാപിച്ചത്. ജ്യോതി സിഎൻസി എന്ന കമ്പനിയാണ് വെന്റിലേറ്റർ നിർമിച്ചത്. എന്നാൽ ഇത് വെന്റിലേറ്റർ അല്ല എന്നും ബ്രീത്തിങ് ബാഗുകൾ ആണ് എന്നുമാണ് പുതിയ കണ്ടെത്തൽ. വെന്റിലേറ്ററിന്റെ പ്രവർത്തനം കാര്യക്ഷമമല്ല എന്ന് ആശുപത്രി അധികൃതരും വ്യക്തമാക്കി. എന്നിട്ടും സർക്കാർ ഈ വെന്റിലേറ്റർ വാങ്ങാൻ നിർബന്ധബുദ്ധി കാണിച്ചു. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയ രാജ്യത്തെ തെറ്റിദ്ധരിപ്പിച്ചു കൊണ്ട് ഗുരുതര വീഴ്ച വരുത്തിയെന്ന് കോണ്ഗ്രസ് ആരോപിച്ചു.
രാജ്യത്ത് ഏറ്റവും അധികം കൊവിഡ് മരണങ്ങൾ സംഭവിക്കുന്ന രണ്ടാമത്തെ നഗരമാണ് അഹമ്മദാബാദ്. കേന്ദ്ര സർക്കാർ 5000 വെന്റിലേറ്റർ നിര്മിക്കാനാണ് ജ്യോതി സിഎൻസിക്ക് ഓർഡർ നൽകിയത്. വെന്റിലേറ്റർ നിർമിച്ച ജ്യോതി സിഎൻസി കമ്പനിക്ക് നരേന്ദ്ര മോദിയുമായുള്ള ബന്ധവും കാര്യങ്ങളുടെ ഗൗരവം വർധിപ്പിക്കുന്നു.
കമ്പനിയുടെ വിശ്വാസ്യത തകർന്നതോടെ വെന്റിലേറ്ററിൻ ഓർഡർ നൽകിയ പുതുച്ചേരി ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ഓർഡർ റദ്ദാക്കിയതായി അറിയിച്ചു.