ബി.ജെ.പിയുടെ ചിരി നവംബര്‍ 30 വരെ മാത്രം; അജിത് പവാര്‍ കൂറുമാറ്റ നിയമത്തില്‍ കുരുങ്ങും #MaharashtraGovtFormation

Jaihind Webdesk
Saturday, November 23, 2019

മുംബൈ: എന്‍സിപിയിലെ അജിത് പവാറിന്റെ നേതൃത്വത്തിലെ ഒരു വിഭാഗം മറുകണ്ടം ചാടി ബിജെപിയെ കൂട്ടുപിടിച്ച് സര്‍ക്കാരുണ്ടാക്കിയെങ്കിലും അതിന് ആയുസ്സ് അധികമില്ലെന്ന് വിലയിരുത്തല്‍. വെല്ലുവിളികള്‍ ഇനിയും അനേകം ബാക്കിയാണ്. അതിലേറ്റവും ഏറ്റവും വലുത് ഫട്‌നാവിസിന് ഭൂരിപക്ഷം തെളിയിക്കാന്‍ സാധിക്കുമോ എന്നാണ്. മറ്റൊന്ന്് എന്‍സിപി എം.എല്‍.എമാരില്‍ പകുതിപേരെങ്കിലും അജിത് പവാറിനൊപ്പം നില്‍ക്കുമോ എന്നതാണ്. ഇത്തരം കാര്യങ്ങളൊന്നും നടന്നിട്ടില്ലെങ്കില്‍ കൂറുമാറ്റ നിയമം അജിത് പവാറിന്റെ രാഷ്ട്രീയ ജീവിതം തന്നെ അവസാനിപ്പിച്ചേക്കും. ഇതിനെ കുറിച്ച് ബിജെപിയോ അജിത് പവാറോ ഇതുവരെ കൃത്യമായി ആലോചിച്ചിട്ടില്ല എന്ന് വ്യക്തമാണ്.

എന്നാല്‍ ശരത് പവാറിനെ പോലുള്ള ഒരു മുതിര്‍ന്ന നേതാവ് ഇതെല്ലാം കൃത്യമായി അറിഞ്ഞിരിക്കുകയാണ്. അടുത്ത ദിവസം തന്നെ സുപ്രീം കോടതിയെ സമീപിച്ചേക്കും. അതുകൊണ്ട് മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ സ്ഥിരമാണെന്ന് പറയാന്‍ സാധിക്കില്ല.
മഹാരാഷ്ട്രയില്‍ എന്താണ് നടക്കുന്നതെന്ന് കൃത്യമായി പറയാന്‍ ബിജെപിക്ക് പോലും പറ്റാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്. സര്‍ക്കാര്‍ രൂപീകരിച്ചെങ്കില്‍ മുന്നോട്ട് എത്ര നാള്‍ പോകുമെന്ന് ദേവേന്ദ്ര ഫട്നാവിസിന് അറിയില്ല. ബിജെപിക്ക് ഇനിയും 25 എംഎല്‍എമാരുടെ പിന്തുണ കൂടി ആവശ്യമാണ്. ഇത്രയും പേര്‍ എന്‍സിപിയില്‍ നിന്ന് എത്തില്ലെന്നാണ് സൂചന. അങ്ങനെ വരുമ്പോള്‍ സര്‍ക്കാരിന്റെ ആയുസ്സ് ഇല്ലാതാവും. എന്നാല്‍ അജിത് പവാര്‍ തന്റെ രാഷ്ട്രീയ നീക്കത്തില്‍ പിഴച്ച് പോയെന്ന സംശയത്തിലാണ്.

റിപ്പോര്‍ട്ട് അനുസരിച്ച് വെറും 9 പേരുടെ പിന്തുണയാണ് അജിത് പവാറിന് ഉള്ളത്. അങ്ങനെ വരുമ്പോള്‍ 134 സീറ്റ് മാത്രമേ എന്‍ഡിഎക്ക് ഉണ്ടാവൂ. അപ്പോഴും 11 സീറ്റിന്റെ കുറവ് സര്‍ക്കാരുണ്ടാക്കാനുണ്ടാവും. ശിവസേനയിലെ 15 എംഎല്‍എമാരുമായി ബന്ധപ്പെട്ടിട്ടുണ്ട് ബിജെപി. ഇവരെ കൂടി ചേര്‍ത്താല്‍ സര്‍ക്കാരിന് 150 സീറ്റിന് അടുത്ത് ലഭിക്കും. അതേസമയം അജിത്ത് പവാറിനൊപ്പമുള്ള 9 പേരെ ദില്ലിയിലേക്ക് മാറിയിരിക്കുകയാണ്. ഇവരെ സുരക്ഷിതമായി നിര്‍ത്തുകയാണ് അജിത് പവാറിന് മുന്നിലുള്ള വഴി. എന്‍സിപിയുടെ പിളര്‍പ്പ് ഔദ്യോഗികമായാല്‍ കൂറുമാറ്റ നിയമത്തില്‍ അജിത് പവാര്‍ കുടുങ്ങും. മത്സരിക്കുന്നതിന് ആറ് വര്‍ഷത്തെ വിലക്കും അദ്ദേഹം നേരിടും. ആരുടെ കൂടെയുള്ളതാണ് യഥാര്‍ത്ഥ എന്‍സിപിയെന്ന് തെളിയിക്കുക ബുദ്ധിമുട്ടേറിയതാണ്. അവിടെ ശരത് പവാറിന് തന്നെയാണ് മേല്‍ക്കൈ. ഇപ്പോഴത്തെ സാഹചര്യത്തില്‍ അജിത് പവാറിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനാണ് ശരത് പവാര്‍ ശ്രമിക്കുക.

എത്രയും പെട്ടെന്ന് സുപ്രീം കോടതിയെ സമീപിക്കാനാണ് നീക്കം. തന്റെ അധികാരത്തെ മറികടന്നാണ് അജിത് പവാര്‍ കാര്യങ്ങള്‍ തീരുമാനിച്ചതെന്ന് സുപ്രീം കോടതിയെ ശരത് പവാര്‍ ബോധ്യപ്പെടുത്തിയാല്‍ എന്‍സിപി പിളര്‍ന്നതായി കോടതി വിധിക്കും. അതോടെ മത്സരിക്കുന്നതില്‍ നിന്ന് അജിത് പവാറിന് വിലക്കേര്‍പ്പെടുത്തും. കൂറുമാറ്റ നിയമമാണ് ഇതില്‍ പ്രയോഗിക്കും. അദ്ദേഹത്തിന്റെ കൂടെയുള്ളവരുടെ തിരഞ്ഞെടുപ്പും അസാധുവാകും.

കൂറുമാറ്റ നിയമപ്രകാരം ഒരു നേതാവ് പാര്‍ട്ടി അംഗത്വം രാജിവെച്ചാല്‍ എംഎല്‍എ സ്ഥാനവും രാജിവെക്കണം. അതല്ലെങ്കില്‍ കൂറുമാറ്റം ബാധകമാവും. അതേസമയം രണ്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ ലയിക്കുകയാണെങ്കില്‍ ഇത് ബാധകമല്ല. ഒരു പാര്‍ട്ടിയുടെ മൂന്നില്‍ രണ്ട് നേതാക്കളും കൂറുമാറിയാലും നിയമം ബാധകമാവില്ല. ഇവിടെ 36 എംഎല്‍എമാരെ എന്‍സിപിയില്‍ നിന്ന് കൂറുമാറ്റിക്കാന്‍ അജിത് പവാറിന് സാധിക്കണം. ഇത് സാധിച്ചില്ലെങ്കില്‍ ഫട്നാവിസ് സര്‍ക്കാര്‍ ഏഴ് ദിവസത്തിനുള്ളില്‍ താഴെ വീഴും. ഇത്രയും ദിവസമാണ് ഗവര്‍ണര്‍ ഭൂരിപക്ഷം തെളിയിക്കാനായി ബിജെപിക്ക് അനുവദിച്ചിരിക്കുന്നത്.