പാര്‍ട്ടി കോണ്‍ഗ്രസിനിടെ നൈസായി ഒരു പി ആര്‍ പരിപാടി ; കേരള സര്‍ക്കാരിനെതിരായ നീക്കങ്ങളെ പ്രതിരോധിക്കാന്‍ ആഹ്വാനം ചെയ്ത് പ്രമേയം.

Jaihind News Bureau
Wednesday, April 2, 2025

ഒരു സിനിമയിലെ കഥാപാത്രം പറയുന്നതു പോലെ ‘ സമയം കിട്ടുമ്പോഴൊക്കെ എന്നെയൊന്നു പൊക്കി പറയണം. ഊട്ടിയില്‍ 900 ഏക്കര്‍ സബര്‍ജില്ലി തോട്ടം ഉണ്ടെന്നു പറഞ്ഞോ.’ എന്ന പോലെയാണ് കേരളത്തിലെ സംസ്ഥാന സര്‍ക്കാരിന്റെ അവസ്ഥ.മധുരയില്‍ പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ പോലും തള്ളല്‍ വിദഗ്ധര്‍ എത്തിയിരിക്കുന്നു. ഭരണത്തിന്റെ കുറ്റങ്ങള്‍ ചര്‍ച്ചയാകും മുമ്പേ സ്വയം മുഖം മിനുക്കുകയാണ് പിണറായി സര്‍ക്കാരിന്റെ പി ആര്‍ സംഘം.

കേരള സര്‍ക്കാരിനെതിരായ നീക്കങ്ങളെ പ്രതിരോധിക്കാന്‍ ആഹ്വാനം ചെയ്ത് പാര്‍ട്ടി കോണ്‍ഗ്രസ് പ്രമേയം തയ്യാറാക്കിയിരിക്കുകയാണ്. ഇതില്‍ സര്‍ക്കാരിന്റെ നേട്ടങ്ങളെന്ന്് അവകാശപ്പെട്ട് അംഗങ്ങള്‍ക്കിടയില്‍ തന്നെ ഒരു പ്രചാരണം നടത്താം. ഒപ്പം, പിണറായി വിജയനെ പാര്‍ട്ടി നിശ്ചയിച്ചിരിക്കുന്ന പ്രായപരിധി നിബന്ധനയില്‍ നിന്ന് ഒഴിവാക്കാന്‍ മറ്റൊരു കാരണവും പശ്ചാത്തലവും ഒരുക്കുകയും ചെയ്യാം എന്നതാണ് ലക്ഷ്യം. ബംഗാളിലെ തുടര്‍ഭരണത്തിനു കിട്ടിയ തിരിച്ചടി ഒരു ട്രോമയായി സിപിഎം നേതൃത്വത്തിന്റെ മുന്നിലുണ്ട്.  ഇനിയൊരു ബംഗാള്‍ ഒഴിവാക്കണമെന്ന് എല്ലാ പാര്‍ട്ടി കോണ്‍ഗ്രസിലുംചര്‍ച്ച ചെയ്യും. അധികാരം കിട്ടിയാല്‍ പാര്‍ട്ടി പിന്നെ പാര്‍ട്ടിയല്ലാതായി മാറുമെന്ന് കേരളത്തിലും തെളിയിക്കപ്പെടുകയാണ്. പാര്‍്ട്ടയുടെ ജനവിരുദ്ധത ചര്‍ച്ചയാകാതെ ഒളിപ്പിച്ചുവയ്ക്കാനാണ് ഇത്തരമൊരു പ്രമേയവുമായി എത്തിയിരിക്കുന്നത്

സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള നീക്കത്തില്‍ കോണ്‍ഗ്രസ് പങ്കാളിയാകുന്നുവെന്നും അധിക വരുമാനം കണ്ടെത്താനുള്ള കിഫ്ബി അടക്കമുള്ള സംവിധാനങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണയെന്നും പ്രമേയത്തില്‍ പറയുന്നു. കേന്ദ്രം കേരളത്തെ സാമ്പത്തികമായി ഉപരോധിക്കുന്നുവെന്നും പ്രമേയത്തിലുണ്ട്. നവ കേരള രേഖയെക്കുറിച്ച് പ്രത്യേകം പരാമര്‍ശമില്ല. ഹിന്ദുത്വ ശക്തികളെ സര്‍ക്കാര്‍ ശക്തമായി ചെറുക്കുന്നുവെന്നും ഗവര്‍ണര്‍മാരെയും സര്‍ക്കാരിനെതിരെ ഉപയോഗിക്കുകയാണെന്നും ഭരണപരമായ ഉപജാപങ്ങളിലൂടെയും ബില്ലുകള്‍ തടഞ്ഞുവച്ചും ഗവര്‍ണര്‍ സംസ്ഥാനത്തെ ഞെരുക്കുകയാണെന്നും പ്രമേയത്തില്‍ പറയുന്നു.