സിപിഎമ്മിന്റെ ജനറല്‍ സെക്രട്ടറിയായി എം എ ബേബിയെ തെരഞ്ഞെടുത്തു. മധുരയില്‍ നടന്നു വരുന്ന പാര്‍ട്ടി കോണ്‍ഗ്രസിന്‍റേതാണ് തീരുമാനം. ബേബിയെ സെക്രട്ടറിയാക്കാന്‍ നേരത്തേ പി ബിയില്‍ ധാരണയായിരുന്നു. ബംഗാളില്‍ നിന്നാണ് പ്രധാനമായും ബേബിക്ക് എതിര്‍പ്പ് ഉയര്‍ന്നത്. മഹാരാഷ്ട്രയില്‍ നിന്നുള്ള പി ബി അംഗം അശോക് ധാവ്‌ളെയാണ് ബദലായി അവര്‍ ഉയര്‍ത്തിയത് .എന്നാല്‍, ഈ നിര്‍ദേശം കേരളം തള്ളി. ധാവ്‌ലയെ അംഗീകരിക്കാനാകില്ലെന്ന് കേരള ഘടകം പിബിയില്‍ വ്യക്തമാക്കി. എന്നാല്‍, മുഹമ്മദ് സലീമിന്‍റെ പേരാണ് ധാവ്‌ലെ നിര്‍ദേശിച്ചത്. ജനറല്‍ സെക്രട്ടറിയാകാനില്ലെന്ന നിലപാടിലായിരുന്നു സലീം . ഇന്ന് ചേര്‍ന്ന കേന്ദ്ര കമ്മിറ്റി യോഗത്തിലും ഇതു റിപ്പോര്‍ട്ടുചെയ്തു. ജനറല്‍ സെക്രട്ടറിയാരാകുമെന്നതില്‍ ബംഗാള്‍ ഘടകവും കേരള ഘടകവും കേന്ദ്രകമ്മിറ്റിയിലുണ്ടായ തര്‍ക്കമാണ് തീരുമാനത്തെ വൈകിച്ചത്. ബേബിയുടെ ദേശീയ പ്രതിച്ഛായയും കേരള ഘടകത്തിന്റെ അപ്രമാദിത്വവുമാണ് ബംഗാള്‍ ഘടകം എതിര്‍ക്കാന്‍ കാരണമായത് . എന്നാല്‍ പാര്‍ട്ടിയില്‍ ശക്തമായ കേരള ലോബിയുടെ ഒന്നിച്ചുള്ള പ്രചാരണത്തിനുമുന്നില്‍ അതു വിലപ്പോയില്ല.
പാര്‍ട്ടിക്ക് അധികാരമുള്ള ഏക സംസ്ഥാനം എന്ന നിലയില്‍ കേരള നേതാക്കള്‍ക്ക് മുന്‍പ് എന്നത്തേക്കാള്‍ നിലയും വിലയും ഇന്നു പാര്‍ട്ടിയിലുണ്ട്. ഇതിന്റെ രാഷ്ട്രീയ നേട്ടം കൂടിയാണ് ബേബിയുടെ സെക്രട്ടറി സ്ഥാനം. പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേയ്ക്ക് മാരത്തോണ്‍ചര്‍ച്ചയാണ് ശനിയാഴ്ച പിബിയില്‍ ഉണ്ടായത് രണ്ടു മണിക്കൂറോളം ഈ വിഷയം ചര്‍ച്ച ചെയ്തിരുന്നു. സമ്മേളനം ഇന്ന് അവസാനിക്കാനിരിക്കെ സെക്രട്ടറിയുടെ പേരില്‍ ഇന്നലെ ത്തന്നെ ഒരുതീരുമാനം ഉണ്ടാകുമെന്നാണ് ഏവരും കരുതിയത്. അതുണ്ടായില്ല. ചര്‍ച്ച നീണ്ടതിനാലും അന്തിമ തീരുമാനം കേന്ദ്രകമ്മിററിയാണ് എടുക്കേണ്ടത് എന്നതിനാലും ഇതില്‍ സസ്‌പെന്‍സു തുടരുകയായിരുന്നു.
രണ്ട് മണിക്കൂര്‍ നീണ്ട പിബി യോഗത്തിലാണ് എം എ ബേബിയെ ജനറല്‍ സെക്രട്ടറി പദവിയിലേക്ക് തിരഞ്ഞെടുക്കാനുള്ള നിര്‍ദ്ദേശത്തില്‍ തീരുമാനമായത്. പ്രായപരിധി നിബന്ധനപ്രകാരം പ്രകാശ് കാരാട്ട് ഉള്‍പ്പടെയുള്ള മുതിര്‍ന്ന നേതാക്കള്‍ പിബിയില്‍ നിന്ന് ഒഴിയും. പ്രായപരിധിയിലെ ഇളവ് കേരള മുഖ്യമന്ത്രി പിണറായി വിജയന് മാത്രം നല്‍കാനാണ് ധാരണ. അതിനാല്‍ നിലവില്‍ സിപിഎമ്മിന്റെ ഏറ്റവും സീനിയോരിറ്റിയുളള പിബി അംഗം കൂടിയായി പിണറായി വിജയന്‍. പിണറായിയുടെ പിന്തുണയാണ് ബേബിയുടെ സെക്രട്ടറി സ്ഥാന ലബ്ധിയ്ക്ക്പിന്നിലുള്ളത് എന്നും വിലയിരുത്താം