‘അശ്വത്ഥാമാവ് വെറും ഒരു ആന’; എം ശിവശങ്കറിന്‍റെ ആത്മകഥ ശനിയാഴ്ച പുറത്തിറങ്ങും

Jaihind Webdesk
Thursday, February 3, 2022

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസ് പ്രതി എം ശിവശങ്കറുടെ ആത്മകഥ പുറത്തിറങ്ങുന്നു. ‘അശ്വത്ഥാമാവ് വെറും ഒരാന’ എന്ന പേരിലാണ് പുസ്തകം. ജയിലിലെ അനുഭവം, അന്വേഷണ ഏജൻസികളുടെ സമീപനം എന്നിവയെ കുറിച്ചെഴുതുന്ന പുസ്തകം ഡിസി ബുക്‌സാണ് പുറത്തിറക്കുന്നത്.

ജയില്‍ മോചിതനായ ശേഷമാണ് ആത്മകഥയുടെ വിശദാംശങ്ങള്‍ എം ശിവശങ്കര്‍ പുറത്തുവിടുന്നത്. ‘അശ്വത്ഥാമാവ് വെറും ആന’ എന്ന ആത്മകഥയിൽ ശിവശങ്കറിന്‍റെ ജയിലിലെ അനുഭവത്തെക്കുറിച്ചും അന്വേഷണ ഏജൻസികളുടെ സമീപനത്തെക്കുറിച്ചുമാണ് ‌ പറയുന്നത്. സ്വര്‍ണ്ണക്കടത്തിൽ തനിക്കു ബന്ധമില്ല എന്ന ന്യായീകരണം ആണ് ആത്മകഥയിലൂടെ സമർത്ഥിക്കുന്നത്.

സ്വപ്നയ്ക്ക് സ്വർണ്ണക്കടത്തിൽ പങ്കുണ്ടെന്ന് അറിഞ്ഞപ്പോൾ അസ്തപ്രജ്ഞനായെന്നും ബാഗ് വിട്ടുകിട്ടാൻ സ്വപ്ന സഹായം തേടിയിരുന്നുവെന്നുമുള്ള സൂചനയോടെയാണ്‌ വെളിപ്പെടുത്തൽ. ആവശ്യങ്ങൾ ഉണ്ടായപ്പോൾ കസ്റ്റംസ് നടപടികളിൽ ഇടപെട്ടില്ല. സ്വപ്നയും ഭർത്താവും നേരിൽ കണ്ടും ആവശ്യപ്പെട്ടുവെന്നും
സ്വപ്നയും സരിത്തും മുഖം മൂടികൾ മാത്രമാണെന്നും പരാമർശമുണ്ട്. അഡീഷണൽ സോളിസിറ്റിയർ ജനറൽ തനിക്കെതിരെ കോടതിയിൽ നുണ പറഞ്ഞു. മുഖ്യമന്ത്രിയെ കേസിൽ വലിച്ചിഴക്കാൻ അന്വേഷണ ഏജൻസികൾക്ക് സമ്മർദം ഉണ്ടായി. മൊഴികൾ മാധ്യമങ്ങൾക്ക് ചോർത്തിക്കൊടുത്തു. തന്നെ ചികിത്സിച്ച ആശുപത്രിയിലെ ഡോക്ടരെയും അന്വേഷണ ഉദ്യോഗസ്ഥൻ ഭീഷണിപ്പെടുത്തി എന്നിങ്ങനെയും പുസ്തകത്തില്‍ പരാമർശിക്കുന്നുണ്ട്.

ശനിയാഴ്ചയാണ് പുസ്തകം പുറത്തിറങ്ങുന്നത്. ഡിസി ബുക്സാണ് പ്രസാധകര്‍. സ്വര്‍ണ്ണക്കടത്ത് കേസിലും ലൈഫ് മിഷന്‍ അഴിമതിക്കേസിലുമാണ് 98 ദിവസം എം ശിവശങ്കരൻ ജയിലില്‍ കിടന്നത്.