എം ശിവശങ്കർ 26 വരെ റിമാന്‍റില്‍; ജാമ്യാപേക്ഷയില്‍ വിധി ചൊവാഴ്ച്ച

Jaihind News Bureau
Thursday, November 12, 2020

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ കോടതി ഈ മാസം 26 വരെ റിമാൻറ് ചെയ്തു. ശിവശങ്കറിനെ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റി. ശിവശങ്കറിൻ്റെ ജാമ്യാപേക്ഷ കോടതി ചൊവാഴ്ച്ച വിധി പറയാനായി മാറ്റി. സ്വര്‍ണക്കടത്തിനെ കുറിച്ച് അറിവ് മാത്രമല്ല ശിവശങ്കര്‍ ഒത്താശയും ചെയ്തുവെന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കോടതിയിൽ പറഞ്ഞു.

https://youtu.be/1K3mdTn6Kfc

കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് രാവിലെ ഇഡി എം.ശിവശങ്കറിനെ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹാജരാക്കി. ശിവശങ്കരൻ്റെ ജാമ്യപേക്ഷയിൽ പതിനൊന്നരയോടെ തുടങ്ങിയ വാദം, നാലരമണിക്കൂർ നീണ്ടുനിന്നു. സ്വര്‍ണക്കടത്തിനെ കുറിച്ച് അറിവ് മാത്രമല്ല ശിവശങ്കര്‍ ഒത്താശയും ചെയ്തുവെന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കോടതിയിൽ പറഞ്ഞു. കള്ളക്കടത്തില്‍ നിന്നും ലഭിക്കുന്ന വരുമാനം എവിടെ നിക്ഷേപിക്കണമെന്നും ശിവശങ്കറാണ് നിര്‍ദേശിക്കുന്നത്. ലോക്കറിലെ പണം ശിവശങ്കറിന്‍റേതാണ്. അതുകൊണ്ടാണ് ശിവശങ്കറിന്‍റെ ചാർട്ടേഡ് അക്കൗണ്ടന്‍റ് ലോക്കറിന്‍റെ കൂട്ടുടമ ആയതെന്നും ഇഡി പറഞ്ഞു. ലോക്കർ നിയന്ത്രിച്ചത് ശിവശങ്കറാണ്. ലൈഫ് മിഷനില്‍ ശിവശങ്കറിന് കോഴ ലഭിച്ചതിന് തെളിവുണ്ട്.

വാട്സ് ആപ് സന്ദേശങ്ങളും, മറ്റ് പ്രതികളുടെ മൊഴികളും ഇതിന് തെളിവായിട്ടുണ്ട്. നയതന്ത്ര ബാഗേജിൽ സ്വർണമെന്ന് ശിവശങ്കറിന് അറിയാമായിരുന്നു. സ്വപ്ന യുഎഇ കോൺസുലേറ്റിലെ ജീവനക്കാരിയാണ്. അതിനാൽ സ്വപ്നയ്ക്ക് 64 ലക്ഷം കമ്മിഷൻ എന്തിന് നൽകണമെന്നും ഇഡി ചോദിച്ചു. സ്വന്തം പണമല്ലെങ്കിൽ എന്തിനാണ് വേണുഗോപാലിന് ഇതിനെക്കുറിച്ച് ശിവശങ്കർ സന്ദേശങ്ങൾ അയച്ചത്. ശിവശങ്കറിന് സ്വർണക്കടത്തിനെക്കുറിച്ച് അറിയാമെന്ന സ്വപ്നയുടെ മൊഴിയടക്കമുള്ള തെളിവുകൾ 3 മുദ്രവച്ച കവറുകളിലായി ഇ.ഡി കോടതിക്ക് കൈമാറി. ജാമ്യ ഹർജിയിൽ അഡീഷണല്‍ സോളിസിറ്റർ ജനറല്‍ എസ്.വി.രാജുവാണ് ഇഡിക്ക് വേണ്ടി ഓണ്‍ലൈന്‍ വഴി ഹാജരായത്.

കടുത്ത മാനസിക സമർദ്ദം മൂലമാകാം സ്വപ്ന ശിവശങ്കറിനെതിരെ മൊഴി നൽകിയതെന്ന് ശിവശങ്കരൻ്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. എന്നാൻ ജയിൽ സൂപ്രണ്ടിന്‍റെ സാന്നിധ്യത്തിലാണ് മൊഴി എടുത്തതെന്ന് കോടതി ചൂണ്ടിക്കാട്ടി. സ്വർണക്കടത്തിലെ പ്രതികളുടെ കള്ളപ്പണം ഒരു കോടി രൂപയിൽ താഴെയെങ്കിൽ സ്വാഭാവിക ജാമ്യത്തിന് അർഹതയുണ്ടെന്ന് ശിവശങ്കറിൻ്റെ അഭിഭാഷകൻ പറഞ്ഞു. ഇ.ഡിയുടെ ലക്ഷ്യം മുഖ്യമന്ത്രിയുടെ ഓഫീസാണെെന്നും ശിവശങ്കരൻ വാദിച്ചു.

അറിഞ്ഞുകൊണ്ട് കള്ളക്കടത്തിലെ പണം സംരക്ഷിക്കാന്‍ ശിവശങ്കർ കൂട്ടുനിന്നത് കുറ്റകരമെന്ന് കോടതി ചൂണ്ടിക്കാട്ടി. തുടർന്ന് ജാമ്യ ഹർജി വിധി പറയാനായി കോടതി വരുന്ന ചൊവ്വാഴ്ച യിലേക്ക് മാറ്റി. M ശിവശങ്കരൻ്റെ റിമാൻ്റ് 26 വരെ കോടതി നീട്ടുകയും ചെയ്തു. തുടർന്ന് ശിവശങ്കരനെ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റി. വൈകിട്ട് അഞ്ചരയോടെയാണ് ശിവശങ്കരനെ ജയിലിലെത്തിച്ചത്.