ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ രാഷ്ട്രീയവത്ക്കരിക്കുന്നു: എം.എം ഹസന്‍

Jaihind Webdesk
Wednesday, August 29, 2018

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ സി.പി.എം രാഷ്ട്രീയവത്കരിക്കുകയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പാര്‍ട്ടികളുടെയും സംഘനകളുടെയും കൊടികളും മറ്റും പാടില്ലെന്ന മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം മറികടന്നാണ് സി.പി.എം പ്രവര്‍ത്തിച്ചത്.

ദുരിതാശ്വാസത്തിനായി എത്തിച്ച സാധനങ്ങള്‍ കടത്തിക്കൊണ്ടു പോയ സംഭവങ്ങളുണ്ടായി. തെരഞ്ഞെടുപ്പിലെ ബൂത്തുപിടിത്തം പോലെ ക്യാമ്പ് പിടുത്തമാണ് കാണപ്പെട്ടത്. ഡാമുകള്‍ മുന്നൊരുക്കങ്ങളും മുന്നറിയിപ്പുകളുമില്ലാതെ തുറന്നത് സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണം.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തില്‍ വലിയ വീഴ്ചയുണ്ടായി. ദുരിത ബാധിതര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച അടിയന്തര ധനസഹായം ഇനിയും ലഭ്യമാക്കിയിട്ടില്ല. പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശനം നടത്തിയശേഷം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കെ.പി.സി.സി നേതൃത്വത്തിന് നല്‍കിയ നിര്‍ദേശങ്ങള്‍ വിശദീകരിക്കുന്നതിനായി വ്യാഴാഴ്ച കോണ്‍ഗ്രസിന്റെ പ്രത്യേക നേതൃയോഗം തിരുവനന്തപുരത്ത് ചേരുമെന്നും ഹസന്‍ പറഞ്ഞു.