കോഴിക്കോട്: കേരളത്തിന്‍റെ ദീർഘകാലത്തെ ആവശ്യമായ എയിംസ് കോഴിക്കോട് തന്നെ സ്ഥാപിക്കണമെന്ന് എം.കെ രാഘവൻ എം.പി. കേരളത്തിനായുള്ള എയിംസിന്‍റെ പ്രഖ്യാപനം 2024 ലെ പൊതു ബജറ്റിൽ ഉണ്ടാവണമെന്ന ആവശ്യം പാർലമെന്‍റിന്‍റെ ശൂന്യവേളയിലാണ് അദ്ദേഹം ഉന്നയിച്ചത്.
ആരോഗ്യ രംഗത്ത് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം നേരത്തെ തന്നെ മുന്‍പന്തിയിലാണ്. എങ്കിലും കോഴിക്കോട് നിപ പോലുള്ള രോഗങ്ങൾ തുടർച്ചയായായി റിപ്പോർട്ട് ചെയ്യപ്പെടുന്നതും, ത്രിതല ആരോഗ്യ സംവിധാനങ്ങളുടെ അപര്യാപ്തതയും പരിഗണിച്ച് എയിംസ് സ്ഥാപിക്കുന്നതിനായി കോഴിക്കോടിനെ പരിഗണിക്കണമെന്നാണ് എം.പി ആവശ്യപ്പെട്ടിരിക്കുന്നത്.
കേരളത്തിൽ എയിംസ് സ്ഥാപിക്കുന്നതിനായി കോഴിക്കോട് പാർലമെന്‍റ് മണ്ഡലത്തിലെ കിനാലൂരിൽ സ്ഥലം കണ്ടെത്തുകയും ഭൂമിയേറ്റെടുക്കൽ നടപടികൾ ആരംഭിച്ചിട്ടുള്ളതുമാണെന്നും എം.പി ചൂണ്ടിക്കാട്ടി. എയിംസ് കോഴിക്കോട് സ്ഥാപിക്കുന്നതിനായി എം.പി നിരവധി തവണ ആരോഗ്യമന്ത്രിയുമായും, പ്രധാനമന്ത്രിയുമായും കൂടികാഴ്ചകൾ നടത്തിയതോടൊപ്പം, ഈ വർഷം പാർലമെന്‍റില്‍ സ്വകാര്യ ബിൽ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.