പൗരത്വ ഭേദഗതി നിയമത്തിനെതിരായ ശക്തമായ ജനവികാരത്തിന്‍റെ പ്രതിഫലനമായി ടി.എൻ പ്രതാപൻ എംപി നയിച്ച ലോംഗ് മാർച്ച്

Jaihind News Bureau
Friday, January 3, 2020

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിൽ എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണയാർജിച്ചാണ് ടി.എൻ പ്രതാപൻ എംപി നയിച്ച ലോംഗ് മാർച്ച് സമാപിച്ചത്. തൃശൂർ ജില്ലയിലെ കോൺഗ്രസ് സംഘടനാ സംവിധാനത്തിനും മാർച്ചിന്‍റെ വൻ വിജയം ആത്മവിശ്വാസം പകർന്നു.

കൃത്യമായ മുന്നൊരുക്കങ്ങളോടെയാണ് ടി എൻ പ്രതാപൻ എം പി ലോംഗ് മാർച്ച് സംഘടിപ്പിച്ചത്. പൗരത്വ ഭേദഗതി നിയമത്തിന് എതിരായ പ്രതിഷേധത്തിൽ യോജിക്കാവുന്ന എല്ലാ സാമൂഹിക സംഘടനകളുടെയും പിന്തുണ ഉറപ്പാക്കാൻ മാർച്ചിലൂടെ കഴിഞ്ഞു. അതേസമയം എസ് ഡി പി ഐ ഉൾപ്പെടെയുള്ള തീവ്ര സ്വഭാവമുള്ള സംഘടനകളെ മാറ്റി നിർത്തുകയും ചെയ്തു. ഗുരുവായൂരിൽ നിന്നും തൃപ്രയാറിലേക്ക് നടന്ന ലോംഗ് മാർച്ച് അക്ഷരാർത്ഥത്തിൽ തീരദേശ മേഖലകളെ ഇളക്കി മറിച്ചാണ് കടന്നു പോയത്. ദേശീയ പതാകയ്ക്ക് കീഴിൽ അണിനിരന്ന ആയിരങ്ങൾ നിയമത്തിനെതിരായ ശക്തമായ ജനവികാരത്തിന്‍റെ പ്രതിഫലനമായി മാറി.

രാത്രി തൃപ്രയാറിൽ മാർച്ച് സമാപിക്കുമ്പോഴും ചോരാത്ത ആവേശത്തോടെ പ്രവർത്തകർ മതേതര ഭാരതത്തിനായി മുദ്രാവാക്യം മുഴക്കി. സമാപന സമ്മേളനം യുഡിഎഫ് കൺവീനർ ബെന്നി ബഹനാൻ ഉദ്ഘാടനം ചെയ്തു.

https://www.youtube.com/watch?v=FQig4DSdFUY