കൽപ്പറ്റയെ ത്രിവർണ സാഗരമാക്കി മാറ്റി രാഹുൽ ഗാന്ധി നയിച്ച ഭരണ ഘടനാ സംരക്ഷണ റാലി

Jaihind News Bureau
Thursday, January 30, 2020

കൽപ്പറ്റയെ ത്രിവർണ സാഗരമാക്കി മാറ്റിയാണ് രാഹുൽ ഗാന്ധി നയിച്ച ഭരണ ഘടനാ സംരക്ഷണ റാലി സമാപിച്ചത്. രാജ്യത്തിന്‍റെ ആത്മാവായ ഭരണഘടന സംരക്ഷിക്കാൻ ആയിരങ്ങൾ തെരുവിലുണ്ടാകുമെന്ന പ്രഖ്യാപനം കൂടിയായി കൽപ്പറ്റ റാലി.

മൂവർണക്കൊടി തണലിൽ മുന്നിൽ നിന്ന് നയിച്ച് രാഹുൽ ഗാന്ധി. നേതാക്കളായ മുല്ലപ്പള്ളി രാമചന്ദ്രൻ, രമേശ് ചെന്നിത്തല, കെ സി വേണുഗോപാൽ, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ തുടങ്ങിയവർ മുൻ നിരയിൽ. മഹാത്മാ ഗാന്ധിയുടെ ഛായാ ചിത്രവും ഭരണഘടനയുടെ ആമുഖവും ദേശീയ പതാകയുമായി വളണ്ടിയർമാർ തൊട്ടു പിന്നിൽ. തുടർന്ന് നേതാക്കളും പ്രവർത്തകരും. വിദ്യാർത്ഥികളും വനിതകളും സേവാദൾ- വൈറ്റ് ഗാർഡ് അംഗങ്ങളും അച്ചടക്കത്തിന്റെ ചുവടുകളുമായി നീങ്ങി. യുഡിഎഫ് പ്രവർത്തകർ മാത്രമല്ല മറ്റ് സംഘടനകളിലെ നിരവധിയാളുകളും ഭരണഘടനാ സംരക്ഷണ റാലിക്ക് ഐക്യ ദാർഢ്യവുമായെത്തി. കൽപ്പറ്റ എസ് കെ എം ജെ സ്കൂൾ ഗ്രൗണ്ടിൽ നിന്ന് ആരംഭിച്ച റാലി പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. പൊതു സമ്മേളനം തുടങ്ങുമ്പോഴും റാലിയുടെ പിൻനിര എത്തിയിട്ടുണ്ടായിരുന്നില്ല.

ഇന്ത്യൻ ജനതയെ ജാതീയമായും മതപരമായും വിഭജിക്കുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമെങ്ങും നടക്കുന്ന പ്രക്ഷോഭങ്ങളോട് രാഹുൽ ഗാന്ധിയുടെ മണ്ഡലമായ വയനാടിന്‍റെ ഐക്യദാർഢ്യമായിരുന്നു ഈ റാലി. കേരളത്തിൽ യുഡിഎഫ് നടത്തുന്ന സമര പരിപാടികൾക്ക് കൂടുതൽ ഊർജം പകരുന്നത് കൂടിയായിരുന്നു കൽപ്പറ്റയിലെ തെരുവിൽ ഇറങ്ങിയ ആയിരങ്ങൾ.