ഏറെ വിവാദങ്ങൾക്കു വഴിവച്ച രണ്ടാം ലോക കേരളാ സഭാ സമ്മേളനത്തിന് ഇന്ന് സമാപനം

Jaihind News Bureau
Friday, January 3, 2020

Loka-Kerala-Sabha

ഏറെ വിവാദങ്ങൾക്കു വഴിവച്ച രണ്ടാം ലോക കേരളാ സഭാ സമ്മേളനത്തിന് ഇന്ന് സമാപനം. സഭയുടെ ആർഭാടത്തിലും അനാവശ്യ ധൂർത്തിലും പ്രതിഷേധിച്ച് സമ്മേളനത്തിൽ പ്രതിപക്ഷാംഗങ്ങൾ പങ്കെടുത്തിരുന്നില്ല. ഒന്നാം ലോക കേരളസഭയുടെ പ്രഖ്യാപനങ്ങൾ ഒന്നും നടപ്പാക്കാതെയുള്ള രണ്ടാം സമ്മേളനം സാധാരണക്കാരായ പ്രവാസികൾക്ക് യാതൊരു പ്രയോജനവും നൽകുന്നില്ലെന്ന ആക്ഷേപവുമുണ്ട്.

ഒന്നാം ലോക കേരളസഭ പ്രവാസികളായ മലയാളികൾക്ക് ഒട്ടേറെ മോഹന വാഗ്ദാനങ്ങൾ നൽകിയിരുന്നുവെങ്കിലും ഒരു പ്രഖ്യാപനം പോലും രണ്ടാംസഭ ചേരുമ്പോഴും നടപ്പിലായിട്ടില്ല. പ്രവാസികൾ നേരിടുന്ന പ്രശ്‌നങ്ങൾക്കായി പണം ചിലവഴിക്കാതെയാണ് കോടികൾ മുടക്കിയുള്ള നിർമാണ പ്രവർത്തനവും ആഡംഭരവും. ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട നിയമ നിർമ്മാണ സഭയായ നിയമസഭയിൽ, ജനപ്രതിനിധികൾക്കു പുറമേ പ്രവാസികൾക്ക് സമ്മേളിക്കാനുള്ള ഇടം കൂടിയാക്കിയതിൽ അസ്വാഭാവികതയുണ്ട്.

പ്രവാസികളായ കോർപ്പറേറ്റ് മുതലാളിമാരുടെ താൽപര്യങ്ങളെ സംരക്ഷിക്കാനാണ് സർക്കാരിന്‍റെ നീക്കമെന്നും ആരോപണമുണ്ട്.
അതേ സമയം സ്പീക്കർ പദവിയുടെ അന്തസ് മറന്ന് ലോക കേരള സഭയുടെ സ്വാഗതസംഘം സംഘടകനെപ്പോലെയാണ് പെരുമാറുന്നതെന്നും ആക്ഷേപം ഉയർന്നു. നിയമസഭയിൽ അവതരിപ്പിക്കുന്ന ബില്ലിനെ പറ്റി സർക്കാർ പ്രഖ്യാപനം നടത്താതെ സ്പീക്കർ പത്രസമ്മേളനം നടത്തി പറഞ്ഞതും ഏറെ വിവാദങ്ങൾക്ക് വഴിവെച്ചു. നിയമനിർമാണം നടത്താൻ നിയമസഭയ്ക്ക് മാത്രമേ അധികാരമുള്ളുവെന്നിരിക്കെയാണ് ലോക കേരളസഭാ സമ്മേളനത്തിൽ വിഷയം അവതപ്പിച്ചത്.

ഒന്നാം ലോക കേരള സഭയ്ക്ക് ശേഷമായിരുന്നു ആന്തൂരിൽ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്തതെന്നതും സഭയുടെ ഉദ്ദേശ ശുദ്ധിയെ ചോദ്യം ചെയ്യുന്നു.

https://www.youtube.com/watch?v=mwzp4p1Fn0o