അന്തിമഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു; ബംഗാളിലും പഞ്ചാബിലും അക്രമസംഭവങ്ങള്‍; ഒരാള്‍ കൊല്ലപ്പെട്ടു

Jaihind Webdesk
Sunday, May 19, 2019

ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ അവസാനഘട്ട വോട്ടെടുപ്പിനിടെ ബംഗാളിലും പഞ്ചാബിലും അങ്ങിങ്ങ് അക്രമ സംഭവങ്ങള്‍. ബംഗാളില്‍ ബി.ജെ.പി-തൃണമൂല്‍ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. ബംഗാളിലെ ബാസിര്‍ഹട്ടില്‍ പോളിംഗ് ബൂത്തിന് നേരെ ബോംബേറുണ്ടായി. കൊല്‍ക്കത്തയിലും ബോംബ് ആക്രമണമുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്.

ബാസിര്‍ഹട്ടില്‍ വോട്ട് ചെയ്യാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് അനുവദിച്ചില്ലെന്ന ആരോപണവുമായി ബി.ജെ.പി സ്ഥാനാര്‍ഥി രംഗത്തെത്തി. ബി.ജെ.പി സ്ഥാനാർഥി സായന്തൻ ബസുവാണ് ആരോപണം ഉയർത്തിയത്. ബര്‍സാത്തില്‍ പോളിംഗ് ബൂത്തുകള്‍ക്ക് തീയിട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.

പഞ്ചാബിൽ ഖാദൂർ സാഹിബ് മണ്ഡലത്തിലുണ്ടായ അക്രമത്തില്‍ വോട്ട് ചെയ്ത് മടങ്ങിയ കോൺഗ്രസ് പ്രവർത്തകന്‍ സംഘർഷത്തിൽ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. അകാലിദളാണ് ആക്രമണത്തിന് പിന്നിലെന്ന്  അക്രമസംഭവങ്ങളെ തുടര്‍ന്ന് വോട്ടെടുപ്പ് നടക്കുന്ന പ്രദേശങ്ങളിൽ കൂടുതൽ കേന്ദ്രസേനയെ വിന്യസിച്ചു. ബിഹാറിലെ പട്നാസാഹിബ് ലോക്സഭാ മണ്ഡലത്തില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ തകരാറിലായി.

ഏഴ് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണപ്രദേശത്തിലുമായി 59 മണ്ഡലങ്ങളാണ് ഇന്ന് വിധിയെഴുതുന്നത്. അക്രമ സംഭവങ്ങള്‍ക്കിടയിലും താരതമ്യേന മികച്ച പോളിംഗാണ് രേഖപ്പെടുത്തുന്നത്.