കൊവിഡ് കാലത്ത് പ്രതിസന്ധിയിലായ ഫോട്ടോഗ്രഫി മേഖലയ്ക്ക് ഉണർവേകി തദ്ദേശ തെരഞ്ഞടുപ്പ്

കൊവിഡ് കാലത്ത് പ്രതിസന്ധിയിലായ ഒരു വിഭാഗമാണ് ഫോട്ടോഗ്രഫി മേഖല. എന്നാൽ തദ്ദേശ തെരഞ്ഞെടുപ്പ് എത്തിയതോടെ സ്റ്റുഡിയോകൾ ഉണർന്ന് തുടങ്ങി. സ്ഥാനാർത്ഥികൾ ഫോട്ടോ എടുക്കുവാൻ എത്തി തുടങ്ങിയതോടെ മിക്ക സ്റ്റുഡിയോകളിലും തിരക്കേറി.

https://youtu.be/1iO9NMB0qx8

തെരഞ്ഞെടുപ്പ് ആയതോടെ സ്ഥാനാർത്ഥിമാരും കളത്തിലിറങ്ങി തുടങ്ങി. സ്ഥാനാർത്ഥിമാരുടെ ഫോട്ടോ അടങ്ങിയ ബോർഡുകളും പോസ്റ്ററുകളും കവലകൾ തോറും വെക്കണമെങ്കിൽ ഫോട്ടോഗ്രാഫർമാരുടെ സേവനവും കൂടിയേ തീരു. ഫോട്ടോ എടുക്കുവാൻ സ്റ്റുഡിയോകളിൽ നല്ല തിരക്കാണ് അനുഭവപ്പെടുന്നതും. കൊവിഡ് കാലത്ത് പ്രസന്ധിയിലായ ഒരു വിഭാഗമായിരുന്നു ഫോട്ടോഗ്രാഫി മേഖല. വിവാഹങ്ങളുടേയും ഉത്സവങ്ങളുടേയും തുടങ്ങി ഫോട്ടോഗ്രാഫർമാർ എത്തിപ്പെടേണ്ട എല്ലാ ആഘോഷങ്ങളുടേയും സീസണുകൾ കൊവിഡ് കവരുകയായിരുന്നു. വിവാഹങ്ങൾ ഉൾപ്പെടെ വെറും ചടങ്ങിൽ ഒതുങ്ങിയപ്പോൾ ഏറ്റവും എളുപ്പത്തിൽ ഒഴിവാക്കുന്ന ഒരു വിഭാഗമായി ഈ മേഖലയും മാറി. എന്നാൽ തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തതോടെ ഇതിൽ മാറ്റം വന്നിരിക്കുകയാണ്.

സോഷ്യൽ മീഡിയയിൽ ആയാലും മറ്റ് പ്രചരണങ്ങളിൽ ആയാലും സ്ഥാനാർത്ഥികൾക്ക് ഫോട്ടോ ഇല്ലാതെ മത്സര രംഗത്ത് കളമുറപ്പിക്കുവാനാവില്ല. ചിരിച്ചും, ചെരിഞ്ഞും, കൈ ഉയർത്തിയുമെല്ലാം ഫോട്ടോ എടുക്കുവാൻ പ്രൊഫഷണൽ ഫോട്ടോഗ്രാഫർമാർ തന്നെ വേണം. അന്തിമ സ്ഥാനാർഥി പട്ടിക കൂടി ആകുന്നതോടെ ഇനിയും തിരക്ക് വർധിക്കുമെന്ന പ്രതീക്ഷയിലാണ് സ്റ്റുഡിയോ ഉടമകളും ജീവനക്കാരും.

Comments (0)
Add Comment