തദ്ദേശ ഉപതിരഞ്ഞെടുപ്പ്: യുഡിഎഫിന് വന്‍ നേട്ടം; കോഴിക്കോട് നാലില്‍ നാലും നേടി

Jaihind Webdesk
Wednesday, December 13, 2023

 

തിരുവനന്തപുരം: സംസ്ഥാനത്തെ 33 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ വന്‍ നേട്ടമുണ്ടാക്കി യുഡിഎഫ്. നിലവില്‍ യുഡിഎഫ് 17 സീറ്റുകളിലും എല്‍ഡിഎഫ് 10 സീറ്റുകളിലും നാലിടത്ത് ബിജെപിയും ലീഡ് ചെയ്യുന്നു. ഒരിടത്ത് എസ്ഡിപിഐയും ഒരിടത്ത് ആം ആദ്മി പാര്‍ട്ടിയും ജയിച്ചു.

14 ജില്ലകളിലായി ഒരു ജില്ലാ പഞ്ചായത്ത്, അഞ്ച് ബ്ലോക്ക് പഞ്ചായത്ത്, മൂന്ന് മുനിസിപ്പാലിറ്റി, 24 ഗ്രാമപ്പഞ്ചായത്ത് വാര്‍ഡുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. എല്‍ഡിഎഫിന്‍റെ പതിനൊന്നും യുഡിഎഫിന്‍റെ പത്തും ബിജെപിയുടെ എട്ടും എസ്ഡിപിഐയുടെ രണ്ടും സിറ്റിംഗ് സീറ്റുകള്‍ ഉള്‍പ്പടെയുള്ളിടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. രണ്ടെണ്ണം സ്വതന്ത്രരുടെ സിറ്റിംഗ് സീറ്റുകളായിരുന്നു. കോഴിക്കോട് ജില്ലയില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന നാലു സീറ്റുകളിലും യുഡിഎഫ് വിജയിച്ചു.

ജില്ല തിരിച്ചുള്ള ഉപതിരഞ്ഞെടുപ്പ് ഫലം:

തിരുവനന്തപുരം: അരുവിക്കര ഗ്രാമ പഞ്ചായത്തിലെ മണമ്പൂര്‍ വാര്‍ഡ് സിപിഎമ്മില്‍ നിന്ന് ബിജെപി പിടിച്ചെടുത്തു. ബിജെപിയുടെ അര്‍ച്ചന 173 വോട്ടുകള്‍ക്കാണ് വിജയിച്ചത്.

കൊല്ലം: തഴവ ഗ്രാമ പഞ്ചായത്തിലെ 18-ാം വാര്‍ഡ് കടത്തൂര്‍ കിഴക്ക് കോണ്‍ഗ്രസ് നിലനിര്‍ത്തി. കോണ്‍ഗ്രസിലെ എം. മുകേഷ് ആണ് വിജയിച്ചത്.

പോരുവഴി ഗ്രാമ പഞ്ചായത്തിലെ 15-ാം വാര്‍ഡ് മയ്യത്തും കര എസ്ഡിപിഐയില്‍ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷീബയാണ് വിജയിച്ചത്.

ഉമ്മന്നൂര്‍ ഗ്രാമ പഞ്ചായത്തിലെ വിലങ്ങറ വാര്‍ഡ് ബിജെപിയില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു. സിപിഐ സ്ഥാനാര്‍ഥി ഹരിത അനില്‍ ബിജെപിയുടെ രോഹിണിയെ 69 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്.

കൊറ്റങ്കര ഗ്രാമ പഞ്ചായത്തിലെ എട്ടാം വാര്‍ഡ് വായനശാല സിപിഎം നിലനിര്‍ത്തി. സിപിഎം സ്ഥാനാര്‍ത്ഥി ശ്യാം എസ് ആണ് വിജയിച്ചത്.

പത്തനംതിട്ട: മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്തിലെ 12-ാം കാഞ്ഞിരവേലിയില്‍ സിറ്റിംഗ് സീറ്റില്‍ സിപിഎം ഒരു വോട്ടിന് ജയിച്ചു. സിപിഎമ്മിലെ അശ്വതി പി. നായര്‍ക്ക് 201 വോട്ടുകളും തൊട്ടുപിന്നിലുള്ള എതിര്‍ സ്ഥാനാര്‍ഥിക്ക് 200 വോട്ടുകളും ലഭിച്ചു.

റാന്നി ഗ്രാമ പഞ്ചായത്തിലെ പുതുശേരിമല കിഴക്ക് വാര്‍ഡ് ബിജെപിയില്‍ നിന്ന് സിപിഎം പിടിച്ചെടുത്തു.

ആലപ്പുഴ: കായംകുളം നഗരസഭയിലെ ഫാക്ടറി വാര്‍ഡില്‍ ബിജെപി സിറ്റിംഗ് സീറ്റ് നിലനിർത്തി. ബിജെപിയിലെ സന്തോഷ് കണിയാംപറമ്പില്‍ സിപിഎമ്മിലെ അബ്ദുള്‍ നാസറിനെ 182 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്.

ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ ഒന്നാം വാര്‍ഡ് തിരുവന്‍ വണ്ടൂര്‍ ബിജെപി നിലനിര്‍ത്തി. ബിജെപിയിലെ സുജന്യ ഗോപിയാണ് വിജയിച്ചത്.

കോട്ടയം: ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിലെ 11 കുറ്റിമരം പറമ്പ് വാര്‍ഡ് എസ്ഡിപിഐ നിലനിര്‍ത്തി. എസ്ഡിപിഐ സ്ഥാനാര്‍ത്ഥി അബ്ദുല്‍ ലത്തീഫാണ് ജയിച്ചത്.

കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലെ ആനക്കല്ല് വാര്‍ഡ് എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു.

കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലെ കൂട്ടിക്കല്‍ കൂട്ടിക്കള്‍ വാര്‍ഡ് എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു.

വെളിയന്നൂര്‍ ഗ്രാമ പഞ്ചായത്തിലെ 10-ാം വാര്‍ഡ് അരീക്കര എല്‍ഡിഎഫ് നിലനിര്‍ത്തി.

തലനാട് ഗ്രാമ പഞ്ചായത്തിലെ മേലടുക്കം വാര്‍ഡില്‍ എല്‍ഡിഎഫ് 30 വോട്ടുകള്‍ക്ക് വിജയിച്ചു.

ഇടുക്കി: ഉടുമ്പന്‍ചോല ഗ്രാമ പഞ്ചായത്തിലെ മാവടി വാര്‍ഡ് സിപിഎം നിലനിർത്തി.

കരിങ്കുന്നം ഗ്രാമ പഞ്ചായത്തിലെ ഏഴാംവാര്‍ഡ് നെടിയകാട് ആം ആദ്മി പാര്‍ട്ടിക്ക് വിജയം.

എറണാകുളം: വടവുകോട് പുത്തന്‍കുരിശ് ഗ്രാമ പഞ്ചായത്തിലെ 10-ാം വരിക്കോലിലില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ലീഡ് ചെയ്യുന്നു. കോണ്‍ഗ്രസിന്‍റെ സിറ്റിംഗ് സീറ്റാണിത്.

രാമമംഗലം ഗ്രാമ പഞ്ചായത്തിലെ 13-ാം വാര്‍ഡ് കോരങ്കടവില്‍ സിറ്റിംഗ് സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആന്‍റോസ് പി. സ്‌കറിയ 100 വോട്ടുകള്‍ക്കാണ്‌ വിജയിച്ചു.

തൃശൂര്‍: മാള ഗ്രാമ പഞ്ചായത്തിലെ കാവനാട് വാര്‍ഡില്‍ യുഡിഎഫിന് ജയം. കഴിഞ്ഞ തവണ സ്വതന്ത്രനായിരുന്നു ഇവിടെ വിജയിച്ചത്. യുഡിഎഫിലെ നിതയാണ് ഇത്തവണ വിജയിച്ചത്.

പാലക്കാട്: പാലക്കാട് ജില്ലാ പഞ്ചായത്തിലെ 24-ാം ഡിവിഷന്‍ വാണിയംകുളം സിപിഎം നിലനിര്‍ത്തി. സിപിഎമ്മിലെ അബ്ദുള്‍ ഖാദറാണ് ജയിച്ചത്.

ഒറ്റപ്പാലം മുനിസിപ്പാലിറ്റിയിലെ പാലാട്ട് റോഡ് വാര്‍ഡില്‍ സിറ്റിംഗ് സീറ്റ് ബിജെപി നിലനിർത്തി.

മലമ്പുഴ ബ്ലോക്ക് പഞ്ചായത്തിലെ 06 കണ്ണോട് ഡിവിഷന്‍ സിപിഎമ്മില്‍ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രത്യുഷ്‌ കുമാറാണ് വിജയിച്ചത്.

പട്ടിത്തറ ഗ്രാമപഞ്ചായത്തിലെ തലക്കശേരി വാര്‍ഡ് സിപിഎമ്മില്‍ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫിലെ സിപി മുഹമ്മദ് 142 വോട്ടുകള്‍ക്കാണ് ജയിച്ചത്.

തിരുമിറ്റക്കോട് ഗ്രാമ പഞ്ചായത്തിലെ പള്ളിപ്പാടം വാര്‍ഡ് കോണ്‍ഗ്രസ് നിലനിര്‍ത്തി. കോണ്‍ഗ്രസിന്‍റെ എം.കെ. റഷീദ് തങ്ങള്‍ 93 വോട്ടുകള്‍ക്ക് ജയിച്ചു.

വടക്കഞ്ചേരി ഗ്രാമപഞ്ചായത്തിലെ അഞ്ചു മൂര്‍ത്തി വാര്‍ഡ് എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. 325 വോട്ടുകള്‍ക്ക് യുഡിഎഫിലെ സതീഷ്‌ കുമാറാണ് വിജയിച്ചത്.

മലപ്പുറം: ഒഴൂര്‍ ഗ്രാമ പഞ്ചായത്തിലെ ഒഴൂര്‍ വാര്‍ഡില്‍ എല്‍ഡിഎഫ് ജയിച്ചു. ബിജെപിയുടെ സിറ്റീംഗ് സീറ്റായിരുന്നു ഇത്.

കോഴിക്കോട്: വാണിമേല്‍ ഗ്രാമ പഞ്ചായത്തിലെ 14 കോടിയൂറ വാര്‍ഡില്‍ യുഡിഎഫിന് ജയം. കഴിഞ്ഞ തവണ സ്വതന്ത്രനാണ് ഇവിടെ നിന്ന് ജയിച്ചത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി അനസ് നങ്ങാണ്ടി 444 വോട്ടുകള്‍ക്ക് ജയിച്ചു.

വില്യാപ്പള്ളി ഗ്രാമ പഞ്ചായത്തിലെ ചല്ലിവയല്‍ വാര്‍ഡ് സിപിഎമ്മില്‍ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫിലെ പ്രകാശന്‍ മാസ്റ്ററാണ് ജയിച്ചത്.

മടവൂര്‍ ഗ്രാമ പഞ്ചായത്തിലെ പുല്ലാളൂര്‍ വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. യുഡിഎഫിലെ സിറാജ് 234 വോട്ടുകള്‍ക്ക് ജയിച്ചു.

മാവൂര്‍ ഗ്രാമ പഞ്ചായത്തിലെ 13 പാറമ്മല്‍ വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥി വളപ്പില്‍ റസാഖ് 271 വോട്ടുകള്‍ക്ക് ജയിച്ചു.

വയനാട്: മുട്ടില്‍ ഗ്രാമ പഞ്ചായത്തിലെ പരിയാരം വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. യുഡിഎഫിലെ ആലി 83 വോട്ടുകള്‍ക്ക് ജയിച്ചു.

കണ്ണൂര്‍: പാനൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ 10-ാം വാര്‍ഡ് ചൊക്ലി സിപിഎം നിലനിര്‍ത്തി. സിപിഎമ്മിലെ തീര്‍ത്ഥ അനൂപാണ് വിജയിച്ചത്.

കാസര്‍ഗോഡ്: പള്ളിക്കര ഗ്രാമ പഞ്ചായത്തിലെ കോട്ടക്കുന്ന് വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. മുസ്‌ലിം ലീഗിലെ അബ്ദുള്ള സിംഗപ്പൂര്‍ 117 വോട്ടുകള്‍ക്ക് ഇവിടെ ജയിച്ചു.