ലോക്ക്ഡൗണില്‍ പൊലിയുന്ന ജീവിതങ്ങള്‍; ഒന്നരമാസത്തിനിടെ 17 ആത്മഹത്യകള്‍ ; വേണ്ടത് സർക്കാരിന്‍റെ അടിയന്തര ഇടപെടല്‍

Jaihind Webdesk
Sunday, August 1, 2021

 

തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളിലെ അശാസ്ത്രീയതയെ ചൊല്ലി ചർച്ചകളും തർക്കങ്ങളും പുരോഗമിക്കുമ്പോള്‍ ഈ കണക്കുകള്‍ കൂടി അധികൃതര്‍ കാണേണ്ടതുണ്ട്. കൊവിഡ് ലോക്ക്ഡൗണില്‍ ജീവിക്കാന്‍ മാർഗമില്ലാതെയും സാമ്പത്തിക ബാധ്യത കാരണവും ജീവനൊടുക്കേണ്ടിവന്നവരാണ് ഇവര്‍. കഴിഞ്ഞ ഒന്നര മാസത്തിനിടെ മാത്രം സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത് 17 പേരാണ്.

കൊവിഡ് ലോക്ക്ഡൗണില്‍ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം ഓരോ ദിവസം കഴിയുന്തോറും വർധിക്കുകയാണ്. അടച്ചുപൂട്ടലില്‍ ഉപജീവനമാർഗം നഷ്ടമായവരാണിവരെല്ലാം. ആത്മഹത്യാക്കുറിപ്പുകളില്‍ എല്ലാം പരാമർശിക്കുന്നത് കൊവിഡ് ലോക്ക്ഡൗണിനെ തുടർന്നുള്ള വരുമാനനഷ്ടവും, പണം കടം വാങ്ങിയവരുടെ  ശല്യം തുടങ്ങിയ കാര്യങ്ങളാണ്.   ഗൗരീശപട്ടത്തെയും പാലക്കാട്ടെയും ലൈറ്റ് ആൻഡ് സൗണ്ട് ബിസിനസ് ഉടമകൾ, തിരുവനന്തപുരം നന്തൻകോട്ടെ മൂന്നംഗ കുടുംബം, ഇടുക്കി വെള്ളിയാംകുടിയിലെ കർഷകൻ, അടിമാലിയിലെ ബേക്കറി ഉടമ, വയനാട്ടിലെ ബസ് ഉടമ, തൃശൂരിലെ ടിപ്പർ ഡ്രൈവറായ ചെറുപ്പക്കാരനും പിതാവും, പാലക്കാട്ടെ കർഷകൻ, തിരുവനന്തപുരത്തെ ക്ഷീരകർഷകൻ, വടകരയിലെ ഹോട്ടൽ ഉടമ തുടങ്ങി ആ പട്ടിക നീളുകയാണ്. ഒരു വലിയ വിഭാഗം സമാനമായ സാഹചര്യങ്ങളെ അഭിമുഖീകരിക്കുന്നവരാണ് എന്നത് ആശങ്കയുളവാക്കുന്ന കാര്യമാണ്. നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിക്കുമ്പോള്‍ ഇത്തരക്കാരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനും സർക്കാരിന് കഴിയണം. അതിന് സാധ്യമാകാത്തിടത്തോളം ജീവിതം അവസാനിപ്പിക്കേണ്ടിവന്നവരുടെയും ദൈന്യമുഖങ്ങള്‍ സര്‍ക്കാരിന് മുന്നില്‍ ചോദ്യചിഹ്നമായി നിലനില്‍ക്കും.

സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങള്‍ അശാസ്ത്രീയമാണെന്ന് വിദഗ്ധർ ഉള്‍പ്പെടെയുള്ളവർ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. കൊവിഡ് മഹാമാരിയെക്കാള്‍ കൊവിഡ്  നിയന്ത്രണങ്ങളെ ഭയക്കേണ്ടിവരുന്ന ഒരു ജനവിഭാഗത്തിന്‍റെ നേർചിത്രമാണ് സംസ്ഥാനത്ത് കാണാന്‍ കഴിയുന്നത്. മദ്യവില്‍പനശാലകള്‍ തുറക്കാന്‍ ആവേശം കാട്ടിയ സർക്കാർ, പക്ഷേ അശാസ്ത്രീയ നിയന്ത്രണങ്ങളിലൂടെ ഒരു വലിയ വിഭാഗത്തിന്‍റെ ഉപജീവനമാര്‍ഗം അടയ്ക്കുകയാണ് ചെയ്തതെന്ന് വിമർശനമുയരുന്നു. സര്‍ക്കാർ പ്രഖ്യാപിച്ച പാക്കേജാകട്ടെ പ്രശ്നപരിഹാരത്തിന് ഉതകുന്നതോ ദീര്‍ഘവീക്ഷണ  സ്വഭാവത്തോടെയോ ഉള്ളതുമല്ലെന്ന് പ്രതിപക്ഷനേതാവ് ഉള്‍പ്പെടെയുള്ളവർ ചൂണ്ടിക്കാട്ടുന്നു.

ദിവസേനയുള്ള കൊവിഡ് കണക്കുകള്‍ക്കൊപ്പം കൊവിഡ് കാലത്തെ നിയന്ത്രണങ്ങള്‍ കാരണമുണ്ടായ സാമ്പത്തിക ബാധ്യതയില്‍ ജീവിതം അവസാനിപ്പിക്കേണ്ടിവന്നവരുടെ കണക്കുകളും കൊടുക്കേണ്ട സ്ഥിതിയാണ് സംജാതമായിരിക്കുന്നത്. ഇനിയും വിലപ്പെട്ട ഒരുപാട് ജീവനുകള്‍ നഷ്ടമാകാതിരിക്കണമെങ്കില്‍ സർക്കാരിന്‍റെ അടിയന്തര ഇടപെടല്‍ അത്യാവശ്യമാണ്.