പിണറായിയും മോദിയും വ്യാജ ഏറ്റുമുട്ടലിന് കുപ്രസിദ്ധി നേടിയവര്‍ : മുല്ലപ്പള്ളി രാമചന്ദ്രന്‍ | Video

Jaihind Webdesk
Saturday, November 2, 2019

Mullapaplly-Ramachandran

പിണറായി വിജയനും നരേന്ദ്ര മോദിയും വ്യാജ ഏറ്റുമുട്ടലിന് കുപ്രസിദ്ധി നേടിയവരെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. വ്യാജ ഏറ്റുമുട്ടലിലൂടെ മാവോയിസ്റ്റുകളെ വെടിവെച്ചുകൊന്ന സംഭവം ചൂണ്ടിക്കാട്ടിയായിരുന്നു മുല്ലപ്പള്ളിയുടെ പരാമർശം.

അട്ടപ്പാടി മഞ്ചിക്കണ്ടി ഉൾവനത്തിൽ സംഭവിച്ചത് വ്യാജ ഏറ്റുമുട്ടൽ തന്നെയെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. കീഴടങ്ങാൻ വന്നവരെ നിഷ്കരുണമായി വെടി വെച്ച് കൊന്നതിൽ സർക്കാർ മറുപടി പറയണം. വ്യാജ ഏറ്റുമുട്ടലെന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍റെ പ്രസ്താവനയിൽ ഒരു തെറ്റുമില്ല. സി.പി.എമ്മിന്‍റെ ആശയങ്ങളോട് ചേർന്നു നിൽക്കുന്ന മാവോയിസ്റ്റുകളെ ഇല്ലാതാക്കിയതിൽ കമ്യൂണിസ്റ്റുകാരനായ മുഖ്യമന്ത്രി മറുപടി പറയണമെന്നും മുല്ലപ്പള്ളി പാലക്കാട്‌ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

പിണറായി സർക്കാർ അധികാരമേറ്റതിന് ശേഷം 7 മാവോയിസ്റ്റുകളെയാണ് വെടിവെച്ച് കൊലപ്പെടുത്തിയത്. മോദിയും പിണറായിയും തമ്മിൽ വ്യത്യാസമില്ലെന്ന് പറഞ്ഞ മുല്ലപ്പള്ളി വ്യാജ ഏറ്റുമുട്ടലുകൾക്ക് കുപ്രസിദ്ധി നേടിയവരാണ് ഇരുവരുമെന്നും കുറ്റപ്പെടുത്തി. വാളയാറില്‍ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട കുട്ടികളുടെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ.പി.സി.സി അധ്യക്ഷന്‍.