ശ്രീശാന്തിന് ആശ്വാസം; ബിസിസിഐയുടെ ആജീവനാന്ത വിലക്ക് നീക്കി

Jaihind Webdesk
Friday, March 15, 2019

വാതുവയ്പ്പ് കേസിൽ ഉൾപ്പെട്ട മലയാളി ക്രിക്കറ്റ് താരം ക്രിക്കറ്റ് താരം എസ് ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് നീക്കി. ബിസിസിഐ ഏർപ്പെടുത്തിയ വിലക്കാണ് സുപ്രീംകോടതി നീക്കിയത്.  അച്ചടക്ക നടപടിയും ക്രിമിനൽ കേസും രണ്ടാണെന്ന് പറഞ്ഞ കോടതി പക്ഷേ ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയിട്ടില്ല. ബിസിസിഐ ഏർപ്പെടുത്തിയ ആജീവാനന്ത വിലക്ക് ചോദ്യം ചെയ്ത് ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതി വിധി പ്രസ്താവിച്ചത്. ജസ്റ്റിസുമാരായ അശോക് ഭൂഷൺ, കെഎം ജോസഫ് എന്നിവരുൾപ്പെട്ട് ബഞ്ചിന്റേതാണ് വിധി.

ശ്രീശാന്ത് തെറ്റു ചെയ്തിട്ടുണ്ടാവാം എന്നാൽ അത് തെളിയിക്കപ്പെടേണ്ടതുണ്ട്. അതെന്തായാലും ആജീവനാന്തവിലക്കല്ല അതിന് നൽകേണ്ടത്. ശ്രീശാന്തിന് നൽകേണ്ട ശിക്ഷ എന്തെന്ന് ബിസിസിഐ മൂന്ന് മാസത്തിനകം തീരുമാനിച്ച് അറിയിക്കണമെന്നും സുപ്രീംകോടതി വിധിയിൽ ചൂണ്ടിക്കാട്ടുന്നു. ക്രിമിനൽ കേസും അച്ചടക്കനടപടിയും രണ്ടും രണ്ടാണെന്നും രണ്ടിനേയും കൂട്ടിക്കെട്ടേണ്ടതില്ലെന്നും വിധി പ്രസ്താവത്തിൽ ജസ്റ്റിസുമാരായ അശോക് ഭൂഷൻ ,കെ എം ജോസഫ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

ഐപിഎൽ ആറാം സീസണിലെ ഒത്തുകളിയുമായി ബന്ധപ്പെട്ടു രാജസ്ഥാൻ റോയൽസ് ടീം മുൻ താരമായ ശ്രീശാന്തിന് 2013ലാണ് ബിസിസിഐ വിലക്കേർപ്പെടുത്തിയത്. ഡൽഹി കോടതി 2015ൽ കുറ്റവിമുക്തനാക്കിയെങ്കിലും അച്ചടക്ക നടപടിയിൽ നിന്നു പിന്നോട്ടില്ലെന്ന് ബിസിസിഐ നിലപാട് എടുക്കുകയായിരുന്നു. ഇതേതുടർന്നാണ് ശ്രീശാന്ത് സുപ്രീം കോടതിയെ സമീപിച്ചത്.