ലൈഫ് മിഷൻ സിഇഒ യു.വി ജോസിനെ സിബിഐ ഉടന്‍ ചോദ്യംചെയ്യും

Jaihind News Bureau
Sunday, September 27, 2020

കൊച്ചി: ലൈഫ് മിഷന്‍ ക്രമക്കേട് സബന്ധിച്ച കേസില്‍ ലൈഫ് മിഷൻ സിഇഒ യു.വി ജോസിനെ സിബിഐ ഉടന്‍ ചോദ്യം ചെയ്യും. സർക്കാർ പദ്ധതി ആയതിനാൽ  ഉദ്യോഗസ്ഥ അഴിമതിയും അന്വേഷിക്കാമെന്നാണ് സിബിഐക്ക് ലഭിച്ച നിയമോപദേശം.  സിബിഐ അന്വേഷണം ആരംഭിച്ച കേസിൽ ഒന്നാംപ്രതി യൂണിടാക് ഉടമ സന്തോഷ് ഈപ്പനും രണ്ടാംപ്രതി സെയ്ൻ വെഞ്ചേഴ്സുമാണ്. കേസിൽ മുന്നാം പ്രതിയാണ് ലൈഫ് മിഷൻ.

ലൈഫ് മിഷന്‍ അധ്യക്ഷൻ മുഖ്യമന്ത്രിയും ഉപാധ്യക്ഷൻ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീനുമാണ്. കേസുമായി ബന്ധപ്പെട്ട് ഇവരുടെ ഓഫീസിൽ നിന്നും സിബിഐ വിവരങ്ങൾ ശേഖരിക്കും. യു.വി ജോസ് , യൂണിടാക്ക് എം.ഡി സന്തോഷ് ഈപ്പൻ എന്നിവർക്കു പുറമേ സ്വപ്ന സുരേഷിനെയും സിബിഐ ഉടൻ ചോദ്യം ചെയ്യും. സർക്കാർ പദ്ധതി ആയതിനാൽ  ഉദ്യോഗസ്ഥ അഴിമതിയും അന്വേഷിക്കാമെന്നാണ് സിബിഐക്ക് ലഭിച്ച നിയമോപദേശം. ഇതിന്‍റെ കൂടി അടിസ്ഥാനത്തിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഭൂമി വിട്ടുകൊടുത്തതല്ലാതെ പദ്ധതിയുമായി ബന്ധപ്പെട്ട ഒരു ഇടപാടിലും ബന്ധമില്ലെന്നാണ് സര്‍ക്കാരിന്‍റെ വാദം. എന്നാല്‍ ഈ വാദം നിലനില്‍ക്കില്ലെന്ന് സിബിഐയുടെ പ്രാഥമികാന്വേഷണ റിപ്പോർട്ടില്‍ പറയുന്നു.

ലൈഫ് മിഷൻ സിഇഒ സർക്കാർ പ്രതിനിധിയാണ്. അതിനാൽ സംസ്ഥാന സർക്കാരിന് ഉത്തരവാദിത്തമുണ്ട്. സംസ്ഥാനം നേരിട്ട് വിദേശ സഹായം സ്വീകരിച്ചില്ലെന്ന വാദവും നിലനിൽക്കില്ല. യൂണിടാകും, കോൺസുലേറ്റും തമ്മിലാണ് പണം ഇടപാടിലെ കരാർ എങ്കിലും  ഇതിലെ രണ്ടാം കക്ഷി സർക്കാരാണ്. വിദേശ സഹായം സ്വീകരിച്ചതിന്‍റെ പ്രയോജനം സർക്കാരിനാണ്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ തലത്തിലേക്ക് സിബിഐ അന്വേഷണം കടക്കും.