‘ലൈഫ് പദ്ധതി കോണ്‍സല്‍ ജനറലിന് കൈമാറിയത് മുഖ്യമന്ത്രിയുടെ അറിവോടെ’ : സ്വപ്ന സുരേഷിൻ്റെ മൊഴി

Jaihind Webdesk
Thursday, August 12, 2021

കൊച്ചി : ഡോളർക്കടത്തിന് പിന്നാലെ ലൈഫ് മിഷൻ പദ്ധതിയിലും മുഖ്യമന്ത്രിയെ കുരുക്കി സ്വപ്ന സുരേഷിൻ്റെ മൊഴി. ലൈഫ് പദ്ധതി കോണ്‍സല്‍ ജനറലിന് കൈമാറിയത് മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് സ്വപ്‌നയ കസ്റ്റംസിന് മൊഴി നൽകി. ലൈഫുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായി സംസാരിച്ചുവെന്ന് എം.ശിവശങ്കറും മൊഴി നൽകിയിട്ടുണ്ട്.

നേരത്തെ ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട് ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ  പദ്ധതി സി.ഇ.ഒ ഉൾപ്പെടെയുള്ളവരെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. വടക്കാഞ്ചേരിയിലെ ലൈഫ് പദ്ധതിക്കായി മുഖ്യമന്ത്രിയുടെ അനുമതി വാങ്ങിയെടുക്കാന്‍ സഹായിച്ചതിനാണ് എം.ശിവശങ്കറിന് ഒരു കോടിരൂപ കമ്മീഷന്‍ നല്‍കിയതെന്നാണ് സ്വപ്‌ന കസ്റ്റംസിന് മൊഴി നല്‍കിയിരിക്കുന്നത്.

കോണ്‍സുലേറ്റിലെ ധനകാര്യമേധാവിയും കോണ്‍സല്‍ ജനറലിന്റെ വിശ്വസ്തനുമായിരുന്ന ഈജിപ്ഷ്യന്‍ പൗരന്‍ ഖാലിദാണ് ശിവശങ്കറിനുള്ള കമ്മീഷനായ ഒരു കോടി രൂപ തനിക്ക് കൈമാറിയത്. ബില്‍ഡര്‍ ആര് വേണമെന്ന് കോണ്‍സല്‍ ജനറലിന് തീരുമാനിക്കാമെന്ന നിബന്ധനയും മുഖ്യമന്ത്രി അംഗീകരിച്ചിരുന്നുവെന്നും സ്വപ്ന മൊഴി നല്‍കി. ലൈഫ് മിഷനുമായി ബന്ധപ്പെട്ട് കോണ്‍സുലേറ്റില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തത് മുഖ്യമന്ത്രിയുടെ വാക്കാലുള്ള അനുമതിയോടെയാണെന്നും ശിവശങ്കറും കസ്റ്റംസിന് മൊഴി നല്‍കിയിട്ടുണ്ട്.

ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട് സ്വപ്‌ന, ശിവശങ്കര്‍, തുടങ്ങിവരുടെ ഇപ്പോൾ പുറത്ത് വന്ന മൊഴികളെല്ലാം മുഖ്യമന്ത്രിയെ കൂടുതൽ പ്രതിരോധത്തിലാക്കുന്നതാണ്. ഡോളർക്കടത്തിന് പിന്നാലെ മുഖ്യമന്ത്രിയുടെ അനധികൃത ഇടപെടലിൻ്റെ മറ്റൊരു ചിത്രമാണ് സ്വപ്നയുടെ മൊഴിയിലൂടെ ഇപ്പോൾ വെളിച്ചംകണ്ടിരിക്കുന്നത്. കോണ്‍സല്‍ ജനറലിന് ലൈഫ് പദ്ധതിയുടെ വിവരങ്ങള്‍ കൈമാറിയത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നാണ് ഇവരുടെ മൊഴികളില്‍ പറയുന്നത്.