ലൈഫ് മിഷന്‍: മന്ത്രിപുത്രന്‍ കമ്മീഷന്‍ നേടിയോ എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം: രമേശ് ചെന്നിത്തല

Jaihind News Bureau
Sunday, September 13, 2020

 

തിരുവനന്തപുരം: ലൈഫ് മിഷനില്‍ മന്ത്രിപുത്രന്‍ കമ്മീഷന്‍ നേടിയോ എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വപ്‌നയുമായി മന്ത്രിപുത്രന് ബന്ധമെന്തെന്നും അദ്ദേഹം ചോദിച്ചു. സംസ്ഥാനം ഭരിക്കുന്നത് ജീര്‍ണ്ണിച്ച സര്‍ക്കാരാണെന്നും  അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി എത്രയും വേഗം രാജിവെച്ച് ജനവിധി തേടണം. മന്ത്രി കെ.ടി ജലീല്‍ തെറ്റ് ചെയ്തപ്പോഴെല്ലാം മുഖ്യമന്ത്രി സംരക്ഷിച്ചു. പഠിച്ച കള്ളന്മാരേക്കാള്‍ മിടുക്കനാണ് താനെന്ന് മന്ത്രി ജലീല്‍ തെളിയിച്ചിരിക്കുകയാണ്. വസ്തുതകള്‍ ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടു. ജലീലിന് രക്ഷപ്പെടാനാകില്ല. മന്ത്രിസഭ രാജിവെക്കണമെന്നാവശ്യപ്പെട്ട് വരുന്ന 22ന് സെക്രട്ടേറിയറ്റിനും കളക്ടേററ്റിനും മുന്നില്‍ യുഡിഎഫ് സത്യഗ്രഹ സമരം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഇ.ഡിക്ക് രാഷ്ട്രീയ താല്‍പ്പര്യമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവന പുറത്തിറക്കിയത്. പാര്‍ട്ടി സെക്രട്ടറിയുടെ മകനെയും മന്ത്രിസഭയിലെ അംഗത്തെയും ഇ.ഡി ചോദ്യം ചെയ്തപ്പോഴാണ് ഈ ബോധം സിപിഎമ്മിനുണ്ടായത്. അന്വേഷണം തുടരുമ്പോള്‍ ആരുടെയെല്ലാം നെഞ്ചിടിപ്പാണ് വര്‍ധിക്കുന്നതെന്ന് പറഞ്ഞ മുഖ്യമന്ത്രി എവിടെയാണെന്നും അദ്ദേഹം ചോദിച്ചു. ദിവസങ്ങള്‍ കഴിയുന്തോറും സർക്കാരിനെതിരായ അഴിമതികള്‍ ഒരോന്നായി പുറത്തുവരികയാണ്. മന്ത്രിസഭ ഉടന്‍ രാജിവെക്കണമെന്നും അദ്ദേഹം അദ്ദേഹം ആവശ്യപ്പെട്ടു.