ലൈഫില്‍ സംശയങ്ങള്‍ ബാക്കി ; സർക്കാരിന് കുരുക്കായി ജി.ശങ്കറിന്‍റെ വെളിപ്പെടുത്തല്‍ | VIDEO

Jaihind News Bureau
Thursday, October 8, 2020

 

തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയില്‍ യു.എ.ഇയിലെ സ്പോൺസർക്ക് ചില പ്രശ്നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി ഹാബിറ്റാറ്റിനോട്  പദ്ധതി പ്രവർത്തനങ്ങൾ നിർത്തിവെക്കാന്‍ സർക്കാർ ആവശ്യപ്പെടുകയായിരുന്നുവെന്ന് ഹാബിറ്റാറ്റ് ചെയര്‍മാന്‍ ജി. ശങ്കറിന്‍റെ വെളിപ്പെടുത്തൽ സർക്കാരിന് കുരുക്കാവുന്നു.

ചെലവ് ചുരുക്കി പദ്ധതി രേഖ പുതുക്കുന്നതിനിടെയാണ് പദ്ധതി നിർത്തി വെക്കുകയാണെന്ന് സർക്കാർ അറിയിച്ചത്. 32 കോടിയുടെ ടെൻഡർ നൽകിയെന്ന സർക്കാർ വാദം വാസ്തവ വിരുദ്ധമാണെന്നും ഹാബിറ്റാറ്റ് ലൈഫ് മിഷന്‍റെ കൺസൾട്ടസി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയുമായി ബന്ധപ്പെട്ട് നിരവധി സംശയങ്ങള്‍ ബാക്കിനില്‍ക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയിൽ ഹാബിറ്റാറ്റ് കൂടുതൽ തുകയ്ക്ക് ക്വാേട്ട് ചെയ്തതാണ് നിർമ്മാണം യൂണിടാക്കിനെ ഏൽപ്പിച്ചതെന്ന സർക്കാർ വാദമാണ് ഹാബിറ്റാറ്റ് ചെയർമാൻ ശങ്കറിന്‍റെ വെളിപ്പെടുത്തലോടെ പൊളിഞ്ഞു വീണത്. ഹാബിറ്റാറ്റ് ലൈഫ് മിഷൻ പദ്ധതി രേഖ തയ്യാറാക്കി നൽകുന്ന കൺസൾട്ടസി മാത്രമാണ്. ലൈഫ് മിഷന്‍റെ അവശ്യപ്രകാരം 32 കോടിയുടെ പദ്ധതി രേഖയാണ് ആദ്യം തയ്യാറാക്കി നൽകിയത്.

234 യൂണിറ്റിന് 32 കോടി രൂപയുടെ പദ്ധതി രേഖ തയ്യാറാക്കി നൽകിയപ്പോൾ തുക കുറയ്ക്കാൻ ലൈഫ് മിഷൻ ആവശ്യപ്പെട്ടു. ഇതോടെ 203 യൂണിറ്റുകൾക്ക് 27 കോടിയുടെ ചെലവ് ചൂണ്ടിക്കാട്ടി പദ്ധതി രേഖ പുതുക്കി. എന്നാൽ സാമ്പത്തിക സഹായം നൽകുന്ന യു.എ.ഇയിലെ സ്പോൺസറുടെ പ്രശ്നങ്ങൾ മുൻനിർത്തി എല്ലാ ചെലവും 15 കോടിക്കുള്ളിൽ നിർത്തണമെന്ന് കാട്ടി ലൈഫ് മിഷൻ സി.ഇ.ഒ കത്ത് നൽകി.

റെഡ് ക്രസന്‍റ് ധാരണാപത്രം ഒപ്പിട്ട ശേഷം ജൂലൈ 18നാണ് വീണ്ടും തുക കുറയ്ക്കാൻ ആവശ്യപ്പെട്ട് കത്ത് നൽകിയത്. ഇതോടെ12.50 കോടിയുടെ പദ്ധതി രേഖ തയ്യാറാക്കുമ്പോൾ സ്പോൺസർ പിൻമാറി എന്ന കാര്യം ചൂണ്ടിക്കാട്ടി പദ്ധതി തയ്യാറാക്കൽ നിർത്തി വെക്കാനും പറഞ്ഞു. പദ്ധതി രേഖയിൽ യൂണിടാക്ക് മാറ്റം വരുത്തിയോ എന്നറിയില്ലെന്നും ശങ്കർ വ്യക്തമാക്കുന്നു.

തുടർന്ന് കഴിഞ്ഞ ഒക്ടോബറിൽ ലൈഫ് മിഷന്‍റെ കൺസൾട്ടൻസി പദവി ഹാബിറ്റാറ്റ് ഒഴിയുകയും ചെയ്തു.
നിലവിൽ 20 കോടിക്ക് നിർമ്മാണം നടക്കുന്ന വടക്കാഞ്ചേരി പദ്ധതിയെ പറ്റി ഉയരുന്ന ആരോപണങ്ങൾക്ക് സർക്കാരും മുഖ്യമന്ത്രിയും പ്രതിരോധം തീർക്കുന്നതിനിടെ പുറത്തു വന്ന ശങ്കറിന്‍റെ വെളിപ്പെടുത്തൽ സർക്കാരിന് ഏറെ തിരിച്ചടിയാവും.