“കേരളത്തില്‍ മഴ ശക്തിപ്പെട്ടാല്‍ വിമാനങ്ങള്‍ സ്തംഭിക്കും ” : പ്രവാസികളെ നാട്ടിലെത്തിക്കാന്‍ അടിയന്തര നടപടിക്കായി പ്രതിപക്ഷ നേതാവിന് മുന്നില്‍ വേദനകള്‍ പങ്കുവെച്ച് ഗള്‍ഫിലെ പ്രവാസി സംഘടനാ നേതാക്കള്‍

B.S. Shiju
Tuesday, June 9, 2020

ദുബായ് : പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഗള്‍ഫിലെ കോണ്‍ഗ്രസ് അനുഭാവ പ്രവാസി സംഘടനാ നേതാക്കളുമായി മൂന്നാംവട്ടം വെര്‍ച്വല്‍ മീറ്റിങ് സംഘടിപ്പിച്ചു. ആറ് ഗള്‍ഫ് രാജ്യങ്ങളിലെ നേതാക്കളുടെ പരാതികളും നിര്‍ദേശങ്ങളും ഒന്നര മണിക്കൂറിലധികം നീണ്ട യോഗത്തില്‍ അദേഹം ശ്രവിച്ചു. ഇപ്പോഴത്തെ വിമാന സര്‍വീസുകള്‍ വഴി സാധാരണക്കാരായ പ്രവാസികള്‍ ഉള്‍പ്പടെയുള്ളവര്‍ നേരിടുന്ന അധിക സാമ്പത്തിക ഭാരമെന്ന പരാതി, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുമെന്നും, ആവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ ശ്രമിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയം സ്ഥാനപതിമാരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അദേഹം മറുപടിയായി കൂട്ടിച്ചേര്‍ത്തു.

യോഗത്തില്‍ ഉയര്‍ന്ന പ്രധാന പരാതികളും നിര്‍ദേശങ്ങളും ഇങ്ങിനെ :
 
അതേസമയം,  പ്രവാസി മടക്കയാത്ര വിഷയത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നാടകം കളിക്കുകയാണെന്നും ഇത് കൂട്ടുകച്ചവടമാണെന്നും ഒ ഐ സി സി, ഇന്‍കാസ് നേതാക്കള്‍ യോഗത്തില്‍ തുറന്നടിച്ചു. ഇതില്‍ പാവം പ്രവാസികളാണ് ഇരയാകുന്നത്. തെറ്റുകള്‍ ചൂണ്ടിക്കാണിച്ചിട്ടും കേന്ദ്രവും കേരളവും മൗനം നടിക്കുകുന്നു. പ്രവാസികള്‍ ചോര നീരാക്കിയ ഐ സി ഡബ്‌ള്യൂ എഫ് ഫണ്ട് , മടക്കയാത്രയ്ക്ക് ഉപയോഗിക്കണം. നിലവിലെ വന്ദേഭാരത് മിഷന്‍ വിമാനങ്ങള്‍ പോലും ഗള്‍ഫിലേക്ക് നാമമാത്രമായി കുറഞ്ഞു. കൂടുതല്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കണം. ഗള്‍ഫിലെ മലയാളികളുടെ മരണസംഖ്യ ഇരുന്നൂറും കവിഞ്ഞ് മുന്നേറുകയാണ്. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് കേരള സര്‍ക്കാര്‍ സാമ്പത്തിക സഹായം ഉറപ്പാക്കണം. ഹൃദയസ്തംഭനം മൂലം മരിക്കുന്ന പ്രവാസി മലയാളികളുടെ എണ്ണവും ഗള്‍ഫില്‍ ദിനംപ്രതി വര്‍ധിക്കുകയാണ്. യുഎഇയില്‍ മാത്രം നൂറിലധികം മലയാളികള്‍ മരിച്ചു വീണു. സൗദിയില്‍ അറുപതിലധികം മലയാളികളും മരിച്ചു.

നോര്‍ക്കയുടെ പ്രവര്‍ത്തനം ഗള്‍ഫില്‍ നോക്കുകുത്തി

കേരള സര്‍ക്കാരിന് കീഴിലെ നോര്‍ക്കയുടെ പ്രവര്‍ത്തനം ഗള്‍ഫില്‍ നോക്കുകുത്തിയായി. മടക്കയാത്ര വിഷയത്തില്‍ നോര്‍ക്ക വന്‍ പരാജയം. പ്രവാസികള്‍ക്കായി പ്രഖ്യാപിച്ച രണ്ടര ലക്ഷം ക്വാറന്റൈന്‍ സൗകര്യം ശുദ്ധ തട്ടിപ്പാണെന്ന് ഒടുവില്‍ തെളിഞ്ഞു. പ്രവാസിക്ക് ഇപ്പോള്‍ സ്വന്തം വീട്ടിലാണ് ക്വാറന്റൈന്‍. കേരള സര്‍ക്കാര്‍ ഇങ്ങിനെ പ്രവാസികളെ ബുദ്ധിമുട്ടിച്ച കാലഘട്ടം ഉണ്ടായിട്ടില്ല. ഗള്‍ഫില്‍ വേനല്‍ച്ചൂട് രൂക്ഷമാകുകയാണ്. എന്നാല്‍, നാട്ടില്‍ മഴക്കാലം കനത്തു വരുന്നു. മഴ ശക്തിപ്രാപിച്ചാല്‍ ഇപ്പോഴത്ത വിമാന സര്‍വീസുകളുടെ താളം തെറ്റും. ഇതോടെ, പ്രവാസി മടക്കയാത്ര വീണ്ടും കൂടുതല്‍ ദുരിതത്തിലാകും. ഇതോടെ, ജോലിയും ശമ്പളവും ഇല്ലാതെ ദുരിതത്തിലായവര്‍ക്ക് വീണ്ടും നാട്ടിലേക്ക് മടങ്ങാനാകാതെയാകുമെന്നും, ഇക്കാര്യത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും വിവിധ രാജ്യങ്ങളിലെ സംഘടനാ പ്രതിനിധികള്‍ പ്രതിപക്ഷ നേതാവിനോട് ഒറ്റക്കെട്ടായി ആവശ്യപ്പെട്ടു.

ആറ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും വീഡിയോ യോഗത്തില്‍ പങ്കെടുത്തവര്‍

മഹാദേവന്‍ വാഴശേരില്‍ , ടി എ രവീന്ദ്രന്‍ , പുന്നക്കന്‍ മുഹമ്മദലി , യേശുശീലന്‍, അഡ്വ. വൈ എ റഹിം, കെ സി അബൂബക്കര്‍, ഫൈസല്‍ തഹാനി, നദീര്‍ കാപ്പാട് , സഞ്ജു പിള്ള , നസീര്‍ മുറ്റിച്ചൂര്‍ ( യുഎഇ ), രാജു കല്ലുംപ്പുറം , ബിനു കുന്നംതാനം, കെ സി ഫിലിപ്പ് ( ബഹ്‌റൈന്‍ ) ,  അഹമ്മദ് പുളിക്കല്‍, ബിജു കല്ലുമല, പി എം നജീബ്, കെ ടി എ മുനീര്‍, കുഞ്ഞികുമ്പള ( സൗദി അറേബ്യ ), സമീര്‍ ഏറാമല , ജോപ്പച്ചന്‍ ( ഖത്തര്‍ ), സിദിഖ് ഹസ്സന്‍, ശങ്കര പിള്ള ( ഒമാന്‍ ), ഡോ. എബി വാരിക്കാട് ( കുവൈത്ത് ) ഉള്‍പ്പടെയുള്ളവര്‍ വെര്‍ച്വല്‍ യോഗത്തില്‍ സംബന്ധിച്ചു.

പരാതികളും നിര്‍ദേശങ്ങളും എഴുതിയെടുത്ത് പ്രതിപക്ഷ നേതാവ്

ഇത് തുടര്‍ച്ചയായി മൂന്നാംവട്ടമാണ് ഗള്‍ഫിലെ സംഘടനാ പ്രതിനിധികളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വെര്‍ച്വല്‍ യോഗം സംഘടിപ്പിച്ച്, പരാതികളും നിര്‍ദേശങ്ങളും എഴുതിയെടുത്ത് തുടര്‍ നടപടികള്‍ക്കായി ശ്രമിക്കുന്നത്. ഗള്‍ഫ് യോഗത്തിന് ശേഷം, യൂറോപ്പ് മേഖലയിലെ പ്രവാസി സംഘടനാ പ്രതിനികളുമായും അദേഹം മണിക്കൂറോളം ചര്‍ച്ചകള്‍ നടത്തി.