കേര വെളിച്ചെണ്ണയുടെ വിതരണ ചുമതല റിലയന്‍സിന് ; ചെറുകിട കച്ചവട മേഖലയെ തകർക്കുന്ന നടപടിയുമായി സംസ്ഥാന സർക്കാർ

Jaihind News Bureau
Saturday, June 13, 2020

 

സംസ്ഥാന സർക്കാർ സ്ഥാപനമായ കേരഫെഡിന്‍റെ കേര വെളിച്ചെണ്ണയുടെ വിതരണ ചുമതലക്കാരായി റിലയൻസ് എത്തിയതോടെ ചെറുകിട കച്ചവടക്കാർ പ്രതിസന്ധിയിൽ. വൻകിട കമ്പനികൾക്ക് വിതരണ ചുമതല നൽകുമ്പോൾ കേരളത്തിലെ ചെറുകിട മേഖല തകർന്നുപോകുമെന്നും ഇക്കാര്യത്തിൽ ചെറുകിടക്കാരെ കൂടി ചേർത്തുനിർത്തുന്നതിന് സർക്കാർ തയാറാകണമെന്നും കേരള കർഷക കോൺഗ്രസ് ആവശ്യപ്പെടുന്നു.

സംസ്ഥാനത്ത് നല്ല ഡിമാൻഡുള്ള കേര വെളിച്ചെണ്ണയ്ക്ക് 125 വിതരണക്കാരണുണ്ടായിരുന്നത്. ഏതാണ്ട് 38,000 ചെറുകിട കച്ചവടക്കാർ വഴിയായിരുന്നു കേര വെളിച്ചെണ്ണ വിൽപ്പന നടത്തിയിരുന്നത്. ചെറുകിട കച്ചവടക്കാർക്ക് 9 ശതമാനം ലാഭം കിട്ടുന്ന രീതിയിൽ ആയിരുന്നു വിതരണം. എന്നാൽ വിൽപ്പന റിലയൻസിനെ കൂടി ഏൽപ്പിക്കാനുള്ള കേരഫെഡിന്‍റെ തീരുമാനം ചെറുകിടക്കാർക്ക് വലിയ തിരിച്ചടിയായി. 14% മാർജിൻ ആണ് ഈ ഉത്പന്നത്തിന് കേരഫെഡ് നൽകുന്നത്. റിലയൻസിന് സ്വന്തം ഔട്ട് ലെറ്റുകളും, ഓൺലൈൻ വിപണന സംവിധാനമുള്ളതിനാൽ ചെറുകിടക്കാർക്ക് ഇവരുമായി മത്സരിച്ചു നിൽക്കാനാവില്ലെന്ന് കേരള കർഷക കോൺഗ്രസ് എറണാകുളം ജില്ലാ പ്രസിഡൻറ് ഗഖ ജോസഫ് പറഞ്ഞു.

ലോക്ക്ഡൗൺ കാലത്ത് റിലയൻസ് കേര വെളിച്ചെണ്ണ ഉൾപ്പെടെയുള്ളവ വില കുറച്ച് വിൽപ്പന നടത്തിയിരുന്നു. എന്നാൽ ഇതിനനുസരിച്ച് വില കുറയ്ക്കാൻ ചെറുകിടക്കാർക്ക് കഴിയാതായി. ചെറുകിട കച്ചവടക്കാർ കളം വിടേണ്ട സ്ഥിതിയാണുള്ളത്. റിലയൻസ് പോലുള്ള വൻ കമ്പനികൾക്ക് വിതരണ ചുമതല നൽകുമ്പോൾ കേരളത്തിലെ ചെറുകിട മേഖല തകർന്നുപോകും. ഇക്കാര്യത്തിൽ ചെറുകിടക്കാരെ കൂടി ചേർത്തുനിർത്തുന്നതിന് സർക്കാർ സംവിധാനമൊരുക്കണമെന്നാണ് കേരള കർഷക കോൺഗ്രസ് ആവശ്യപ്പെടുന്നത്.