തിരുവനന്തപുരം: പരീക്ഷയ്ക്ക് മുമ്പേ പിഎസ്‌സി ചോദ്യപേപ്പർ വെബ്‌സൈറ്റിലെന്ന് പരാതി. വയനാട്, എറണാകുളം ജില്ലകളിലേക്കുള്ള എൽഡി ക്ലാർക്ക് ചോദ്യപേപ്പർ ആണ് സൈറ്റിൽ പ്രത്യക്ഷപ്പെട്ടതെന്ന് ഉദ്യോഗാർത്ഥികൾ പരാതി ഉയർത്തുന്നത്. ഒരു ദിവസം മുമ്പ് തന്നെ ചോദ്യപേപ്പർ അപ്ലോഡ് ചെയ്തതായാണു വിവരം. എന്നാൽ, ചോദ്യപേപ്പർ ചോർന്നിട്ടില്ലെന്നാണ് പിഎസ്‌സിയുടെ പക്ഷം. ഗൂഗിൾ ടൈംസ്റ്റാമ്പിന്‍റെ പ്രശ്‌നമാണു സംശയത്തിനിടയാക്കുന്നതെന്നാണ് പിഎസ്‌സി പറയുന്നത്.
ഗൂഗിളിൽ സെർച്ച് ചെയ്താൽ തന്നെ ടൈംസ്റ്റാമ്പിൽ ഇത്തരത്തിൽ കൃത്യതയില്ലാതെ വരാമെന്ന കാര്യം ആർക്കും ലഭ്യമാണ്. അത്തരം പരിശോധന പോലും നടത്താതെയും വസ്തുതകൾ അന്വേഷിക്കാതെയും ചോദ്യപേപ്പർ ചോർന്നെന്നു വാർത്ത നൽകിയത് അതീവ ഗൗരവമായാണ് കമ്മീഷൻ കാണുന്നത്. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുന്ന കാര്യം പരിശോധിക്കുമെന്നും വാർത്താകുറിപ്പിൽ പറഞ്ഞു.