രാഷ്ട്രീയ പാര്‍ട്ടികളുടെ ഓഫീസുകള്‍ റെയ്ഡ് ചെയ്യാന്‍ പാടില്ലെന്ന നിയമമില്ല; ചൈത്രക്ക് മുന്‍ ഡി.ജി.പിയുടെ പിന്തുണ

Wednesday, January 30, 2019

സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡ് ചെയ്ത ചൈത്ര തെരേസ ജോണിന്റെ നടപടിയെ അനുകൂലിച്ച് മുന്‍ ഡി.ജി.പി പി.കെ. ഹോര്‍മിസ് തരകന്‍. രാഷ്ട്രീയ പാര്‍ട്ടികളുടെ ഓഫീസുകള്‍ റെയ്ഡ് ചെയ്യാന്‍ പാടില്ലെന്ന നിയമം ഇതുവരെയില്ലെന്ന് ഹോര്‍മിസ് തരകന്‍ ചൂണ്ടിക്കാട്ടി. ചൈത്ര തെരേസ ജോണിന്റെ നടപടിയില്‍ തെറ്റു കാണുന്നില്ല. കീഴ് വഴക്കങ്ങളല്ല നിയമമാണ് പ്രധാനമെന്നും മുന്‍ ഡിജിപി ഹോര്‍മിസ് തരകന്‍ പറഞ്ഞു.

മെഡിക്കല്‍ കോളേജ് പോലീസ് ആക്രമിച്ച കേസിലെ പ്രതികള്‍ പാര്‍ട്ടി ഓഫീസില്‍ ഉണ്ടെന്ന വിവരത്തെ തുടര്‍ന്ന് റെയ്ഡ് നടത്തിയ മുന്‍ ഡി.സി.പി ചൈത്രതെരേസ ജോണിനെതിരെ സി.പി.എം രംഗത്തുവന്നിരുന്നു. ഏത് ഓഫീസറായാലും സര്‍ക്കാരിന് മുകളില്‍ പറക്കാന്‍ അനുവദിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു. ചൈത്ര തെരേസ ജോണിനെതിരെ കര്‍ശന നടപടി വേണമെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ചൈത്രയുടെ നടപടിയില്‍ അപാകതയില്ലെന്നും നടപടിക്ക് നിര്‍ദ്ദേശം നല്‍കാതെയുമാണ് ഐ.ജിയുടെ നേതൃത്വത്തില്‍ അന്വേഷിച്ച പോലീസ് റിപ്പോര്‍ട്ടിലുള്ളത്.