ചൈത്രയോട് കലിയടങ്ങാതെ സി.പി.എം; സര്‍ക്കാരിന് മീതെ പറക്കാന്‍ ഒരു ഉദ്യോഗസ്ഥരെയും അനുവദിക്കില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍

Jaihind Webdesk
Monday, January 28, 2019

തിരുവനന്തപുരം: സ്ത്രീയായാലും പുരുഷനായാലും സര്‍ക്കാരിന് മീതെ പറക്കാന്‍ ഒരു ഉദ്യോഗസ്ഥരെയും അനുവദിക്കില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡ് ചെയ്ത ഡിസിപി ചൈത്ര തെരേസ ജോണിനെതിരെയായിരുന്നു കോടിയേരിയുടെ താക്കീത്. വില കുറഞ്ഞ പബ്ലിസിറ്റിക്കാണ് ഡി.സി.പി ശ്രമിച്ചതെന്നും കോടിയേരി പറഞ്ഞു.

നിയമവാഴ്ച നടപ്പാക്കാനാണ് പൊലീസ് ശ്രമിക്കേണ്ടത്. പാര്‍ട്ടി ഓഫീസില്‍ ഏതെങ്കിലും കേസിലെ പ്രതി ഒളിച്ചുതാമസിക്കുന്നില്ല. പ്രതിയെ പിടികൂടേണ്ട അടിയന്തര സാഹചര്യം ഉണ്ടായിരുന്നെങ്കില്‍ പരിശോധന നടത്തിയത് മനസ്സിലാക്കാമായിരുന്നു. പാര്‍ട്ടി ഓഫീസില്‍ നിന്ന് ഒരു പ്രതിയേയും പിടികൂടാന്‍ ഡി.സി.പിക്ക് കഴിഞ്ഞില്ല. നിയമവാഴ്ച നടപ്പാക്കുന്നതിന് പകരം ഒരു പ്രഹസനം നടത്താനാണ് ഡി.സി.പി ശ്രമിച്ചതെന്ന് കോടിയേരി ആരോപിച്ചു.

എല്ലാ ഉദ്യോഗസ്ഥരും സര്‍ക്കാരിന് കീഴിലും സര്‍ക്കാരിന് വിധേയരുമാണ്. സര്‍ക്കാരിന് മുകളില്‍ പറക്കാന്‍ ഒരു ഉദ്യോഗസ്ഥരേയും അനുവദിക്കില്ലെന്നും കോടിയേരി ആവര്‍ത്തിച്ചു. ബുധനാഴ്ച രാത്രി ഒരു സംഘം ആളുകള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷന് കല്ലെറിഞ്ഞിരുന്നു. ഈ സംഭവത്തില്‍ അമ്പതോളം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ പ്രതിചേര്‍ത്ത് പൊലീസ് കേസെടുത്തിട്ടുണ്ട്. പോക്‌സോ കേസില്‍ അറസ്റ്റിലായ രണ്ട് പ്രവര്‍ത്തകരെ കാണാന്‍ അനുവദിക്കാതിരുന്നതിനെ തുടര്‍ന്നായിരുന്നു പ്രതിഷേധം. ഇവരില്‍ ചിലര്‍ സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിലുണ്ട് എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഡിസിപിയുടെ ചുമതല വഹിച്ച എസ് പി ചൈത്ര തെരേസ ജോണിന്റെ നേതൃത്വത്തില്‍ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ റെയ്ഡ് നടത്തിയത്.