ലാവലിന്‍ കേസ് വീണ്ടും മാറ്റി; ഭരണഘടനാ ബെഞ്ചിലെ വാദം നീളുന്നതിനാല്‍ ഇന്ന് പരിഗണിക്കില്ല

Jaihind Webdesk
Tuesday, September 13, 2022

 

ന്യൂഡല്‍ഹി: എസ്എൻസി ലാവലിൻ കേസ് ഇന്നും പരിഗണിക്കില്ല. ഉച്ചയ്ക്ക് ശേഷം പരിഗണിക്കുന്ന കേസുകളുടെ പട്ടികയിലാണ് ലാവലിൻ ഹർജികൾ സുപ്രീം കോടതി ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ സാമ്പത്തിക സംവരണത്തിനെതിരായ ഹർജികളിലെ വാദം ചീഫ് ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ചിൽ തുടരുകയാണ്. ഭരണഘടനാ ബഞ്ചിലെ നടപടികൾ ഇന്നത്തേക്ക് പൂർത്തിയായാലേ മറ്റു ഹർജികൾ പരിഗണിക്കൂ എന്ന് സുപ്രീം കോടതി നേരത്തെ അറിയിച്ചിരുന്നു.

മുപ്പതിലധികം തവണയാണ് നാല് വർഷത്തിനിടെ ലാവലിന്‍ ഹര്‍ജികള്‍ പരിഗണിക്കുന്നത് മാറ്റിവെച്ചത്. ഹർജികള്‍ നിരന്തരമായി മാറുന്നത് കോടതിയുടെ ശ്രദ്ധയില്‍ പെടുത്തിയതിന് പിന്നാലെ ഇത്തവണ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കരുതെന്ന് നിർദേശം നല്‍കിയിരുന്നു. ഇതനുസരിച്ച് രണ്ടാമതായി ലാവലിന്‍ ഹർജികള്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഭരണഘടനാ ബെഞ്ചിലെ നടപടികള്‍ നീണ്ടുപോകുന്ന സാഹചര്യത്തിലാണ് ലാവലിന്‍ കേസ് വീണ്ടും മാറുന്നത്.

മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ ഊര്‍ജവകുപ്പ് സെക്രട്ടറി കെ മോഹനചന്ദ്രന്‍, ഊര്‍ജ വകുപ്പ് മുന്‍ ജോയിന്‍റ് സെക്രട്ടറി എ ഫ്രാന്‍സിസ് എന്നിവരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയ ഹൈക്കോടതി വിധിക്കെതിരെയാണ് സിബിഐ സുപ്രീം കോടതിയിൽ എത്തിയത്.