ഇന്ത്യയും വിൻഡീസും തമ്മിലുള്ള ഏകദിന ക്രിക്കറ്റ് പരമ്പരയിലെ മൂന്നാമത്തേതും അവസാനത്തേതുമായ മത്സരം ഇന്നു നടക്കും. മത്സരത്തിന് ഭീഷണിയായി മഴയുണ്ടാവുമെന്നാണ് റിപ്പോർട്ടുകൾ. പോർട്ട് ഓഫ് സ്പെയിനിലെ ക്വ്യൂൻസ് പാർക്ക് ഓവലിൽ ഇന്ത്യൻ സമയം വൈകിട്ട് ഏഴു മണി മുതലാണു മത്സരം.
പോർട്ട് ഓഫ് സ്പെയിനിൽ ഇന്നു കനത്ത മഴയുണ്ടാകുമെന്നാണു കാലാവസ്ഥാ പ്രവചനം. ഒന്നാം ഏകദിനം മഴ മൂലം ഉപേക്ഷിച്ചപ്പോൾ രണ്ടാമത്തെ മത്സരത്തിൽ ഡക്ക് വർത്ത്/ലൂയിസ് മഴ നിയമ പ്രകാരം ഇന്ത്യ ജയിച്ചിരുന്നു. നിർണായക മത്സരമായതിനാൽ ഇന്ത്യ അന്തിമ ഇലവനിൽ മാറ്റം വരുത്താനിടയില്ല. മറുപക്ഷത്തു കഴിഞ്ഞ മത്സരത്തിനിടെ പരുക്കേറ്റ എവിൻ ലൂയിസ് ഇന്നു കളിക്കുമെന്നാണു സൂചന. നിറംമങ്ങിയ പേസർ ഓഷാനെ തോമസിനു പകരം ഫാബിയാൻ അലനെ ഇന്നു കളിപ്പിച്ചേക്കും.
ഓപ്പണിങ് ബാറ്റ്സ്മാൻ ശിഖർ ധവാന്റെ ഫോമില്ലായ്മയാണ് ഇന്ത്യയെ വലയ്ക്കുന്നത്. കൈയ്ക്കേറ്റ പരുക്കിൽനിന്നു മോചിതനായ ശേഷം ധവാനു മികവിലേക്കു മടങ്ങാനായില്ല. രണ്ടാം ഏകദിനത്തിൽ പേസർ ഷെൽഡൺ കോട്രാലാണു ധവാനെ രണ്ടുവട്ടം പുറത്താക്കിയത്.
നാലാം നമ്പർ ബാറ്റ്സ്മാനായി വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്ത് തന്നെ ഇറങ്ങുമെന്നാണു കരുതുന്നത്. കഴിഞ്ഞ മത്സരത്തിൽ പന്തിനു 20 റണ്ണെടുക്കാനെ കഴിഞ്ഞുള്ളു. ഇടംകൈയൻ സ്പിന്നർ കുൽദീപ് യാദവിന് നാല് വിക്കറ്റ് കൂടി നേടിയാൽ 100 തികയ്ക്കാം. ഏറ്റവും വേഗത്തിൽ 100 വിക്കറ്റ് തികയ്ക്കുന്ന ഇന്ത്യൻ ബൗളറെന്ന റെക്കോഡാണു യാദവിനെ കാത്തിരിക്കുന്നത്. 55 ഏകദിനങ്ങളിലായി 100 വിക്കറ്റെടുത്ത സഹതാരം മുഹമ്മദ് ഷമിയ്ക്കാണ് നിലവിൽ റെക്കോഡ്.
മറുവശത്ത് പര്യടനത്തിൽ ഒരു മത്സരം പോലും ജയിക്കാനാകാത്ത വിന്ഡീസ് ഇന്നത്തെ മത്സരം ജയിച്ച് മുഖം രക്ഷിക്കാനാണ് ശ്രമിക്കുന്നത്.
ഇതിഹാസ താരം ക്രിസ് ഗെയ് ലിന്റെ അവസാന അന്താരാഷ്ട്ര മത്സരമാകും ഇതെന്ന് റിപ്പോർട്ടുകളുണ്ട്. ലോകകപ്പോടെ വിരമിക്കുമെന്ന് ഗെയ്ൽ നേരത്തേ അറിയിച്ചിരുന്നെങ്കിലും ഇന്ത്യയുടെ വെസ്റ്റിൻഡീസ് പര്യടനം വരെ പിന്നീട് വിരമിക്കൽ തീരുമാനം നീട്ടുകയായിരുന്നു. നാട്ടിൽ ഇന്ത്യയ്ക്കെതിരെ നടക്കാനിരിക്കുന്ന ഒരു ടെസ്റ്ര് മത്സരത്തിലെങ്കിലും കളിച്ചശേഷം വിരമിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് ഗെയ്ൽ നേരത്തേ വെളിപ്പടുത്തിയിരുന്നെങ്കിലും സെലക്ടർമാർഅത് ചെവിക്കൊണ്ടിരുന്നില്ല.