2 കോടിക്ക് വാങ്ങിയ വസ്തു 18.5 കോടിയ്ക്ക് മറിച്ചുവിറ്റു ; രാമക്ഷേത്രത്തിന്‍റെ പേരില്‍ കോടികളുടെ ഭൂമി തട്ടിപ്പെന്ന് ആരോപണം

Jaihind Webdesk
Monday, June 14, 2021

ലക്‌നൗ : രാമക്ഷേത്ര നിര്‍മാണത്തിനായി കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ച ട്രസ്റ്റിനെതിരെ അഴിമതി ആരോപണവുമായി ഉത്തര്‍പ്രദേശിലെ പ്രതിപക്ഷ പാര്‍ട്ടികള്‍. സ്വകാര്യവ്യക്തിയില്‍ നിന്ന് രണ്ട് റിയല്‍ എസ്റ്റേറ്റ് ഡീലേഴ്‌സ് രണ്ട് കോടി രൂപയ്ക്കു വാങ്ങിയ സ്ഥലം നിമിഷങ്ങള്‍ക്കുള്ളില്‍ ട്രസ്റ്റിന് 18.5 കോടി രൂപയ്ക്ക് മറിച്ചുവിറ്റെന്നാണ് ആരോപണം.

രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട ഇടപാടുകള്‍ ഈ വര്‍ഷം മാര്‍ച്ചിലാണ് നടന്നതെന്നാണ് ആരോപണം. സമാജ്വാദി പാര്‍ട്ടി ആം ആദ്മി പാര്‍ട്ടി എന്നിവരാണ് ആരോപണമുന്നയിച്ചത്. ചില പ്രാദേശിക ബിജെപി നേതാക്കളുടെയും ട്രസ്റ്റ് ഭാരവാഹികളുടെയും അറിവോടെയാണ് തട്ടിപ്പ് നടന്നതെന്ന് മുന്‍ സമാജ്വാദി പാര്‍ട്ടി എംഎല്‍എയും ഉത്തര്‍പ്രദേശ് മന്ത്രിയുമായ പവന്‍ പാണ്ഡെ ആരോപിച്ചു. ഇത് സംബന്ധിച്ച് ചില രേഖകള്‍ അദ്ദേഹം മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. നിമിഷങ്ങള്‍ക്കുള്ളിലാണ് വസ്തുവില 2 കോടിയില്‍ നിന്ന് 18 കോടിയായി ഉയര്‍ന്നതെന്നും ഇതില്‍ തീര്‍ച്ചയായും കൊള്ള നടന്നിട്ടുണ്ടെന്നുമാണ് പവന്‍ പാണ്ഡേ ആരോപിച്ചത്.

ഇരു ഇടപാടുകളുടെയും സ്റ്റാംപ് ഡ്യൂട്ടി പേപ്പറുകളും സാക്ഷികളും സമാനമായിരുന്നെന്നും പവന്‍ പാണ്ഡെ പറഞ്ഞു. സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്നും ആവശ്യവും മുന്നോട്ട് വെച്ചിട്ടുണ്ട്. അതേസമയം പുറത്ത് വന്ന ആരോപണങ്ങള്‍ ട്രസ്റ്റ് അപ്പാടെ നിഷേധിച്ചിട്ടുണ്ട്. എന്നാല്‍ കൃത്യമായ വിശദീകരണം ഇക്കാര്യത്തിലുണ്ടായില്ല എന്നതാണ് ശ്രദ്ധേയം. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതിന്റെ മേല്‍നോട്ടം വഹിക്കാനായി 2020 ഫെബ്രുവരിയിലാണ് ശ്രീറാം ജന്മഭൂമി തീര്‍ഥ് ക്ഷേത്ര എന്ന ട്രസ്റ്റ് മോദി സര്‍ക്കാര്‍ രൂപീകരിച്ചത്.