ദുബായില്‍ സ്ത്രീകള്‍ക്ക് മാത്രമായി സിനിമ കാണാന്‍ ആഴ്ചയില്‍ ഒരു ദിനം ! ” ചൊവ്വാഴ്ച ലേഡീസ് ഡെ “

B.S. Shiju
Wednesday, August 12, 2020

ദുബായ്  : ചൊവ്വാഴ്ച ഇനി ലേഡീസ് ഡെ !  ദുബായില്‍ സിനിമ കാണാന്‍ സ്ത്രീകള്‍ക്ക് മാത്രമായി മാസത്തില്‍ ഒരു ദിനം എന്നത് ഇനി ആഴ്ചയില്‍ എല്ലാ ചൊവ്വാഴ്ചകളാക്കി വര്‍ധിപ്പിച്ചു.

ഇതുനുസരിച്ച് ആഴ്ചയില്‍ എല്ലാ ചൊവ്വാഴ്ചകളും സ്ത്രീകള്‍ക്ക് മാത്രമായി സിനിമ കാണാന്‍ സൗകര്യം ഒരുക്കിയെന്ന് ദി റോക്‌സി സിനിമാസ് അറിയിച്ചു. നേരത്തെ, ഒരു മാസത്തില്‍ ഒരു ദിനം മാത്രമാണ് വനിതകള്‍ക്കായി മാറ്റിവെച്ചിരുന്നത്. കുടുംബമായും അല്ലാതെയും എല്ലാ ദിവസവും സിനിമ കാണുന്നതിനുള്ള സൗകര്യത്തിന് പുറമേയാണ് ഈ പ്രത്യേക ദിനം.

ദുബായിലെ പ്രമുഖ ഷോപ്പിങ് കേന്ദ്രങ്ങളായ സിറ്റി വാക്കിലെയും ദി ബീച്ചിലെയും റോക്‌സി തിയറ്ററുകളിലാണ് ഈ സൗകര്യം പ്രഖ്യാപിച്ചത്.  ഭക്ഷണവും പാനീയവും ഉള്‍പ്പടെ ഒരാള്‍ക്ക് 145 ദിര്‍ഹമാണ് ടിക്കറ്റ് നിരക്ക്. റോക്‌സിയുടെ പ്‌ളാറ്റിനം സൗകര്യങ്ങളോടെയാണ് ഈ ആഡംബര ദിനം ഒരുക്കിയിട്ടുള്ളത്. അതേസമയം, വോക്‌സ് സിനിമാസ് ഉള്‍പ്പടെയുള്ള യുഎഇയിലെ മറ്റു ചില തീയേറ്ററുകളിലും ഈ സംവിധാനം നിലവില്‍ തുടരുന്നുണ്ട്. ചില തിയറ്ററുകള്‍, അമ്മമാര്‍ക്കും കുട്ടികള്‍ക്കുമായും ഒരു ദിനം മാറ്റിവെച്ചിട്ടുണ്ട്.