വ്യാപാരി സമരം മാറ്റിവച്ചു ; ചർച്ചയ്ക്ക് മുഖ്യമന്ത്രി സമ്മതിച്ചു

Jaihind Webdesk
Wednesday, July 14, 2021

 

നാളെമുതൽ കടകൾ തുറന്നുപ്രവർത്തിക്കാനുള്ള തീരുമാനത്തിൽനിന്ന് താൽക്കാലികമായി പിന്മാറി വ്യാപാരി വ്യവസായി ഏകോപന സമിതി. ചർച്ച നടത്താമെന്ന് മുഖ്യമന്ത്രി നേരിട്ട് അറിയിച്ചതിനെ തുടർന്നാണ് സമിതി പ്രഖ്യാപിച്ച സമരം മാറ്റിവച്ചത്.

വിഷയത്തിൽ ചർച്ച നടത്താമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസറുദ്ദീനെ വിളിച്ചറിയിക്കുകയായിരുന്നു. വെള്ളിയാഴ്ച ചർച്ച നടത്താമെന്നാണ് മുഖ്യമന്ത്രി അറിയിച്ചിട്ടുള്ളത്. ഈയൊരു സാഹചര്യത്തിൽ ചർച്ച നടക്കുന്നതുവരെ സമരത്തിൽനിന്ന് പിന്മാറാണ് സമിതിയുടെ തീരുമാനം.

എല്ലാ ദിവസവും കടകൾ തുറക്കണമെന്ന ആവശ്യമുന്നയിച്ച് സമരത്തിലായിരുന്നു വ്യപാരി വ്യവസായി ഏകോപന സമിതി. നാളെ മുതൽ സംസ്ഥാനത്തുടനീളം കടകൾ തുറന്നുപ്രവർത്തിക്കാനുള്ള തീരുമാനമായിരുന്നു സമിതി നേരത്തെ എടുത്തിരുന്നത്. എന്നാൽ, ഇത്തരം സമരപരിപാടികളുമായി മുന്നോട്ടുപോയാൽ ശക്തമായി നേരിടുമെന്ന മുന്നറിയിപ്പ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നൽകിയിരുന്നു. ഇതിനുപുറമെ ഇന്ന് കോഴിക്കോട്ട് ഉൾപ്പെടെ സർക്കാർ അധികൃതരുമായി ചർച്ച നടത്തിയെങ്കിലും വ്യാപാരികളുടെ ആവശ്യം അംഗീകരിച്ചിരുന്നില്ല. ഇതേതുടർന്ന് സമരവുമായി മുന്നോട്ടുപോകാൻ തന്നെയായിരുന്നു വ്യാപാരി സംഘടനയുടെ തീരുമാനം.